കുവൈത്ത് സിറ്റി: പതിനേഴാം ദേശീയ അസംബ്ലിയുടെ ആദ്യ സമ്മേളനം ചൊവ്വാഴ്ച ചേർന്നു. രാവിലെ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സഭയെ അഭിസംബോധന ചെയ്തു. ദേശീയ അസംബ്ലി അംഗങ്ങളുടെ ഭരണഘടന സത്യപ്രതിജ്ഞക്കും ആദ്യ സമ്മേളനം വേദിയായി. എം.പി അഹ്മദ് അൽ സദൂനെ സഭയുടെ സ്പീക്കറായി വീണ്ടും തെരഞ്ഞെടുത്തു.
സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിച്ച ദാവൂദ് മറാഫി പിന്മാറിയതിനെ തുടര്‍ന്നാണ് 89 കാരനായ അഹമ്മദ് അൽ സദൂനെ ഐകകണഠ്യേനെ തെരഞ്ഞെടുത്തത്. മുഹമ്മദ് അൽ മുതൈറാണ് ഡെപ്യൂട്ടി സ്പീക്കർ. രാജ്യത്തിന്റെ അഭിലാഷങ്ങൾ നേടിയെടുക്കുന്നതിന് സർക്കാറുമായി സഹകരിക്കുമെന്ന എം.പിമാരുടെ താൽപര്യം സ്പീക്കർ അഹ്മദ് അൽ സദൂൻ വ്യക്തമാക്കി.
ദേശീയ അസംബ്ലിയുമായി യോജിച്ച് പ്രവർത്തിക്കുമെന്ന് മന്ത്രിമാരും അറിയിച്ചു. നവീകരണത്തിന്റെയും സമഗ്രമായ വികസനത്തിന്റെയും പ്രക്രിയ തുടരുമെന്നും, നിയമ ചട്ടക്കൂടുകളിൽനിന്ന് വ്യതിചലിക്കില്ലെന്നും പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് സഭയിൽ വ്യക്തമാക്കി.
രാജ്യത്തിന്റെ സുസ്ഥിരത, പുരോഗതി, സമൃദ്ധി എന്നിവക്ക് സർക്കാറും എം.പിമാരും തമ്മിലുള്ള യോജിച്ച പ്രവർത്തനത്തിന്റെയും ഐക്യത്തിന്റെയും ആവശ്യകതയെ സൂചിപ്പിക്കുന്നതായിരുന്നു ആദ്യ സമ്മേളനം.
രാഷ്ട്രീയ അനിശ്ചിതത്വം അവസാനിച്ച് സുസ്ഥിര ഭരണത്തിന് വഴിയൊരുക്കാൻ പുതിയ സർക്കാറും അസംബ്ലിയും നിലവിൽ വന്നതോടെ കഴിയുമെന്ന പ്രതീക്ഷയിലാണ് സർക്കാറും ജനങ്ങളും. എം.പിമാരിൽ യുവാക്കളുടെയും പ്രഫഷനലുകളുടെയും സാന്നിധ്യം കൂടുതലാണ്. ഇത് നല്ല സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.
2020ലെ ദേശീയ അസംബ്ലി പിരിച്ചുവിടുകയും 2022 സെപ്റ്റംബർ 29ലെ തെരഞ്ഞെപ്പ് ഭരണഘടന കോടതി അസാധുവാക്കുകയും ചെയ്തതോടെയാണ് രാജ്യം മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. ജൂൺ ആറിനാണ് പുതിയ തെരഞ്ഞെടുപ്പ് നടന്നത്.
1963ലാണ് കുവൈത്തിൽ ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. എന്നാൽ, അഭിപ്രായ ഭിന്നതകളെ തുടർന്ന് അടിക്കടി അസംബ്ലി പിരിച്ചുവിടുന്നതും തുടർച്ചയായ തെരഞ്ഞെടുപ്പുകൾക്കും നിരവധി തവണ കുവൈത്ത് സാക്ഷിയായി. 2006നും 2022നും ഇടയിൽ, അമീർ അഞ്ചുതവണ പാർലമെന്റ് പിരിച്ചുവിടുകയും ഭരണഘടനാ കോടതി രണ്ട് അസംബ്ലികൾ റദ്ദാക്കുകയും ചെയ്തു.
2003 മുതൽ രാജ്യത്ത് 11 പൊതുതെരഞ്ഞെടുപ്പുകൾ നടന്നു. 2006 മുതൽ, നിരവധി മന്ത്രിസഭകൾ രൂപവത്കരിക്കപ്പെടുകയും മൂന്ന് പ്രധാനമന്ത്രിമാർ രാജിവെക്കാൻ നിർബന്ധിതരാവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.