കുവൈത്ത് സിറ്റി: സന്നദ്ധപ്രവർത്തനങ്ങളിൽ കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിക്ക് (കെ.ആർ.സി.എസ്) നേപ്പാളിന്റെ ആദരം. നേപ്പാളിലെ ജനങ്ങൾക്ക് ശസ്ത്രക്രിയകൾക്ക് ധനസഹായം നൽകിയതിന് കെ.ആർ.സി.എസിനെ നേപ്പാളിലെ ആരുസ് ലൈഫ് സ്റ്റൈൽ ഹോസ്പിറ്റൽ ആദരിച്ചു. മതം, വർഗം, നിറം എന്നിവ പരിഗണിക്കാതെ ദുരിതമനുഭവിക്കുന്നവർക്ക് സഹായം നൽകുന്നതിൽ കുവൈത്ത് എന്നും മുൻപന്തിയിലാണെന്ന് കെ.ആർ.സി.എസ് മാധ്യമ മേധാവി ഖാലിദ് അൽ സെയ്ദ് പറഞ്ഞു. ആരുസ് ലൈഫ് സ്റ്റൈൽ ഹോസ്പിറ്റൽ ആദരവിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകമെമ്പാടും വിവേചനരഹിതമായ മാനുഷിക സംഭാവനകൾ, ആശ്വാസം, പഠനം, ആരോഗ്യം സഹായങ്ങൾ എന്നിവ എത്തിക്കാൻ കെ.ആർ.സി.എസ് ശ്രമിച്ചുവരുന്നു. ജനങ്ങൾക്ക് ജീവിതാവശ്യങ്ങളും മാന്യമായ ജീവിതവും പ്രദാനം ചെയ്യുന്നതിന് കൂടുതൽ പദ്ധതികളും പരിപാടികളും വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുവൈത്തിന്റെ അന്താരാഷ്ട്ര മാനുഷിക വികസന പ്രവർത്തനങ്ങളുടെ ഭാഗമായി നേപ്പാളിൽ കെ.ആർ.സി.എസ് മൂന്നാമത്തെ മെഡിക്കൽ കാമ്പയിൻ സംഘടിപ്പിച്ചുവരുകയാണെന്ന് ഡോ. അബ്ദുലത്തീഫ് അൽ തുർക്കി പറഞ്ഞു.
നേപ്പാളിലെ ആരുസ് ലൈഫ് സ്റ്റൈൽ ഹോസ്പിറ്റലിൽ പാവപ്പെട്ട രോഗികൾക്കായി ചാരിറ്റിയുടെ മെഡിക്കൽ ടീം 30 ശസ്ത്രക്രിയകൾ ഇതിനകം നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.