കുവൈത്ത് സിറ്റി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പട്ടിണിയിലകപ്പെട്ട സമൂഹങ്ങളിലേക്ക് അന്നമെത്തിക്കുന്ന യു.എ.ഇയുടെ ‘വൺ ബില്യൺ മീൽസ്’ പദ്ധതിയിലേക്ക് ഒരുകോടി ദിർഹം (22.27 കോടി രൂപ) പ്രഖ്യാപിച്ച് പ്രമുഖ റീട്ടെയിൽ ശൃംഖലയായ നെസ്റ്റോ ഗ്രൂപ്. അഞ്ച് വർഷത്തേക്കാണ് പദ്ധതിയിലേക്ക് സംഭാവന പ്രഖ്യാപിച്ചിരിക്കുന്നത്. യു.എ.ഇയുടെ വിവിധ സഹായപദ്ധതികളെ പിന്തുണക്കാനുള്ള തങ്ങളുടെ സന്നദ്ധതയും സാമൂഹിക ഉത്തരവാദിത്ത നിർവഹണവുമാണ് സംഭാവനക്ക് പ്രചോദനമെന്ന് നെസ്റ്റോ ഗ്രൂപ് ഉടമകളായ വെസ്റ്റേൺ ഇന്റർനാഷനൽ ഗ്രൂപ്പിന്റെ ചെയർമാൻ കെ.പി. ബഷീർ പറഞ്ഞു.
റമദാൻ മാസത്തിനപ്പുറവും നിർധനർക്ക് ഭക്ഷ്യസഹായം നൽകുന്നതാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും വരുംവർഷങ്ങളിലും സഹായം നൽകുന്ന ഒരു സുസ്ഥിര ഭക്ഷ്യസഹായ ഫണ്ട് സ്ഥാപിക്കുന്നതും കാമ്പയിനിന്റെ ദൗത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലും ഹൈപ്പർ മാർക്കറ്റ് ശൃംഖലയും നിരവധി അന്താരാഷ്ട്ര ബ്രാൻഡുകളും വെസ്റ്റേൺ ഇന്റർനാഷനൽ ഗ്രൂപ്പിന്റെ കീഴിലുണ്ട്.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച ‘വൺ ബില്യൺ മീൽസ്’ പദ്ധതിയിലേക്ക് പൊതു-സ്വകാര്യ മേഖലകളിലെ വ്യക്തികൾ, സ്ഥാപനങ്ങൾ, ബിസിനസുകാർ എന്നിവരിൽനിന്ന് ശ്രദ്ധേയമായ പ്രതികരണമാണുള്ളത്. കഴിഞ്ഞ വർഷം ആരംഭിച്ച പദ്ധതിയിൽ 50 രാജ്യങ്ങളിലേക്കാണ് സഹായമെത്തിച്ചത്. 2030ഓടെ പട്ടിണി തുടച്ചുനീക്കാനുള്ള യു.എന്നിന്റെ ലക്ഷ്യത്തെ പിന്തുണക്കുകയെന്നതും പദ്ധതിയുടെ പ്രചോദനമാണ്. ഭക്ഷണപ്പൊതികളായും വൗച്ചറുകളായുമാണ് ആളുകളിലേക്ക് സഹായങ്ങൾ എത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.