കുവൈത്ത് സിറ്റി: ഗതാഗത നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി അധികൃതർ. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഡ്രൈവർമാരുടെ അശ്രദ്ധമായ പെരുമാറ്റം തടയലും ലക്ഷ്യമിട്ടാണ് പുതിയ നടപടികൾ. ട്രാഫിക് നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ വരുത്തുമെന്ന് സുരക്ഷാ മാധ്യമ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ നാസർ ബൗസ്ലൈബ് അറിയിച്ചു.
ഇതിന്റെ ഭാഗമായി ട്രാഫിക് ലംഘനങ്ങൾക്കുള്ള പിഴകൾ വർധിപ്പിച്ചു. അശ്രദ്ധമായി വാഹനമോടിക്കുന്നതിനുള്ള പിഴ 30 ദീനാറിൽ നിന്ന് 150 ദീനാറായി ഉയർത്തി. റെഡ് ലൈറ്റ് ലംഘനത്തിനുള്ള പിഴ 50ൽ നിന്ന് 150 ദീനാറാക്കിയും വർധിപ്പിച്ചു.
‘അൽ-അഖ്ബർ ചാനലിന്’ നൽകിയ പ്രസ്താവനയിലാണ് ബ്രിഗേഡിയർ ബൗസ്ലൈബ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രാഫിക് സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വിപുലമായ ശ്രമത്തിന്റെ ഭാഗമാണ് ഈ മാറ്റം. നിയമലംഘകർക്കെതിരെ ഡീമെറിറ്റ് പോയന്റുകൾ രേഖപ്പെടുത്തൽ എന്നിവ ഉൾപ്പെടെയുള്ള മറ്റ് പിഴകളും പുതിയ ചട്ടങ്ങളിൽ ഉണ്ട്. ആവർത്തിച്ചുള്ള നിയമലംഘകർക്കെതിരെ ഡ്രൈവിങ് ലൈസൻസ് പിൻവലിക്കൽ അടക്കമുള്ള നടപടികൾ സ്വീകരിക്കും. ഇത് പുനഃസ്ഥാപിക്കുന്നതിന് മുമ്പ് പുതിയ ഡ്രൈവിങ് ടെസ്റ്റ് വിജയിക്കൽ ഉൾപ്പെടെയുള്ള നടപടികളും നേരിടേണ്ടി വന്നേക്കാമെന്നും അദ്ദേഹം സൂചന നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.