കുവൈത്ത് സിറ്റി: കേന്ദ്ര സർക്കാർ യാത്രയിളവ് പ്രഖ്യാപിച്ച രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തിനെയും ഉൾപ്പെടുത്തി. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് കോവിഡ് പരിശോധന നടത്താതെ നാട്ടിലെത്താൻ കേന്ദ്രസർക്കാർ തയാറാക്കിയ പട്ടികയിലാണ് വൈകിയെങ്കിലും കുവൈത്തിനെയും ഉൾപ്പെടുത്തിയത്.
കുവൈത്തിനെക്കാൾ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളെ ഉൾപ്പെടുത്തിയിട്ടും കേന്ദ്രസർക്കാറിന്റെ പട്ടികയിൽ കുവൈത്തിനെ ഉൾപ്പെടുത്താത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഭൂരിഭാഗം പേരും വാക്സിനേഷൻ പൂർത്തീകരിച്ചവരാണ് കുവൈത്തിലുള്ളത്. നല്ലൊരു ശതമാനം ജനങ്ങളും ബൂസ്റ്റർ ഡോസും സ്വീകരിച്ച് കഴിഞ്ഞു.
കുവൈത്തിലേക്ക് വരാനും പി.സി.ആർ, വാക്സിനേഷൻ, ക്വാറൻറീൻ നിബന്ധനകൾ കഴിഞ്ഞദിവസം ഒഴിവാക്കിയിരുന്നു. പ്രവാസി സമൂഹത്തിന് ഏറെ ആശ്വാസം പകരുന്ന തീരുമാനങ്ങളാണ് രണ്ട് ദിവസത്തിനിടെ ഇരു രാജ്യത്തിന്റെയും ഭാഗത്തുനിന്നുണ്ടായത്. ഇപ്പോൾ എല്ലാ ഗൾഫ് രാജ്യങ്ങളും യാത്രയിളവിന്റെ പട്ടികയിൽ ഉൾപ്പെട്ടു. ആദ്യഘട്ട പട്ടികയിൽ കുവൈത്തും യു.എ.ഇയും ഉണ്ടായിരുന്നില്ല. രണ്ടാംഘട്ടത്തിൽ യു.എ.ഇ ഉൾപ്പെട്ടു. ഇപ്പോൾ കുവൈത്തും ഉൾപ്പെട്ടു.
കുവൈത്ത് സിറ്റി: ആർ.ടി.പി.സി.ആർ ഒഴിവാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തിനെ ഉൾപ്പെടുത്തിയ നടപടി സ്വാഗതം ചെയ്ത് ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്ട്രേഡ് അസോസിയേഷൻസ് കുവൈത്ത്. വിഷയത്തിൽ കേന്ദ്ര മന്ത്രിമാർക്ക് സംഘടന നിവേദനം നൽകിയിരുന്നതായി വാർത്താക്കുറിപ്പിൽ പറഞ്ഞു.
കുവൈത്ത് സിറ്റി: ഇന്ത്യയിൽനിന്നും നാട്ടിലേക്ക് പോകുമ്പോൾ നിർബന്ധ പി.സി.ആർ തീരുമാനം പിൻവലിച്ചതിൽ ഒ.ഐ.സി.സി കുവൈത്ത് സന്തോഷം അറിയിച്ചു.
വിഷയത്തിൽ ഒ.ഐ.സി.സിയും കേന്ദ്രസർക്കാറിന് നിവേദനം നൽകിയിരുന്നതായി ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.