മന്ത്രിസഭ രാജിവെച്ച് ഒരു മാസം കഴിഞ്ഞു; കാത്തിരിപ്പിൽ വിവിധ മേഖലകൾ

കുവൈത്ത് സിറ്റി: കുവൈത്ത് മന്ത്രിസഭ പുനഃസംഘടനക്കായി രാജിവെച്ച് ഒരു മാസം കഴിഞ്ഞു. ഏപ്രിൽ അഞ്ച് ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് ചൊവ്വാഴ്ച ബയാൻ പാലസിലെത്തി കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അസ്സബാഹിന് രാജി സമർപ്പിച്ചത്. പാർലമെന്റുമായുള്ള പ്രശ്നങ്ങളാണ് മന്ത്രിസഭയുടെ രാജിയിലേക്ക് നയിച്ചത്.

പാർലമെന്റുമായുള്ള ബന്ധം നന്നാക്കാനായി മന്ത്രിസഭ രാജിവെച്ച് പുനഃസംഘടിപ്പിച്ച ശേഷവും പ്രശ്നങ്ങൾ അവസാനിച്ചില്ല. കാവൽ മന്ത്രിസഭയാണ് ഇപ്പോൾ തുടരുന്നത്. പുതിയ മന്ത്രിസഭ നിലവിൽ വരുന്നത് ഉറ്റുനോക്കുകയാണ് വ്യാപാര മേഖല ഉൾപ്പെടെ നിരവധി മേഖലകൾ. വിവിധ പ്രോജക്ടുകൾ തുടർ നടപടികളിലേക്ക് കടക്കാതെ പിടിച്ചുവെച്ചതായാണ് കമ്പനി പ്രതിനിധികൾ പറയുന്നത്. പുതിയ മന്ത്രിസഭ വന്നതിനുശേഷം തീരുമാനമെന്നാണ് ഇവർക്ക് വിവിധ സർക്കാർ വകുപ്പുകളിൽനിന്ന് ലഭിച്ച മറുപടി.

2020 നവംബറിൽ പാർലമെൻറ് തെരഞ്ഞെടുപ്പ് നടന്നതിന് ശേഷം മൂന്നാമത് തവണയാണ് മന്ത്രിസഭ രാജിവെക്കുന്നത്. 2021 ജനുവരിയിൽ മന്ത്രിസഭ രാജിവെച്ച് മാർച്ച് രണ്ടിന് ശൈഖ് സബാഹ് ഖാലിദ് അസ്സബാഹിന്റെതന്നെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ വന്നു. മന്ത്രിമാർക്കെതിരായ കുറ്റവിചാരണ പരമ്പരയെ തുടർന്നായിരുന്നു അന്നത്തെ രാജി. 2021 നവംബറിൽ പുനഃസംഘടനക്കായി രാജിവെച്ചു.

പാർലമെൻറും സർക്കാറും തമ്മിലുള്ള ബന്ധം നന്നാക്കുന്നതിനായി അമീറിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന നാഷനൽ ഡയലോഗിന്റെ തുടർച്ചയായി പുതിയൊരു തുടക്കത്തിനായാണ് മന്ത്രിസഭ രാജിവെച്ചത്.

പാർലമെൻറിന് അനഭിമതരായ മന്ത്രിമാരെ ഒഴിവാക്കിയും കൂടുതൽ പാർലമെൻറ് അംഗങ്ങളെ ഉൾപ്പെടുത്തിയുമാണ് പുതിയ മന്ത്രിസഭ രൂപവത്കരിച്ചത്. അതിന് ശേഷവും പ്രശ്നങ്ങൾ അവസാനിച്ചില്ല. ഒടുവിൽ മൂന്നാമത്തെ രാജിയിലുമെത്തി.

Tags:    
News Summary - One month after the cabinet resigned; Different areas of waiting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.