കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള എല്ലാ വിസകളും കൊറോണ സമിതിയുടെ അനുമതിയോടെ മാത്രമേ അനുവദിക്കൂ. കോവിഡ് കാലത്തെ സവിശേഷ സാഹചര്യത്തിൽ മന്ത്രിമാർ ഉൾപ്പെടെയുള്ളവരെ ഉൾപ്പെടുത്തിയാണ് കൊറോണ സമിതി രൂപവത്കരിച്ചത്. പുതിയ വിസ അനുവദിച്ച് തുടങ്ങുന്നത് കാത്തുകഴിയുന്ന നിരവധി വ്യക്തികളും സ്ഥാപനങ്ങളുമുണ്ട്. നാട്ടിൽ കുടുങ്ങിയ 1,82,393 പ്രവാസികളുടെ ഇഖാമ റദ്ദായി.
2020 മാർച്ച് 12 മുതൽ 2021 ജനുവരി 10 വരെയുള്ള കണക്കാണിത്. ഇതുവരെയുള്ള തീരുമാനം അനുസരിച്ച് ഇവർക്ക് കുവൈത്തിലേക്ക് വരാൻ കഴിയില്ല. കോവിഡ് കാലത്തെ പ്രതിസന്ധി പരിഗണിച്ച് പ്രത്യേക മാനുഷിക പരിഗണനയിൽ എൻട്രി വിസ അനുവദിക്കാനുള്ള സാധ്യതയാണ് ഏക പ്രതീക്ഷ. അല്ലെങ്കിൽ പുതിയ വിസ അനുവദിച്ചുതുടങ്ങണം. അവധിക്ക് നാട്ടിൽപോയി വിമാന സർവിസ് ഇല്ലാത്തതിനാൽ തിരിച്ചുവരാൻ കഴിയാത്തവരാണ് ഇവരിൽ ഏറെയും. വിദേശി സാന്നിധ്യം കുറച്ച് ജനസംഖ്യാ സന്തുലനം സാധ്യമാക്കാൻ യത്നിക്കുന്ന കുവൈത്ത് അധികൃതർ കരുതലോടെ മാത്രമേ പുതിയ വിസ അനുവദിക്കൂ.
രാജ്യത്തിന് അത്യാവശ്യമായ തൊഴിലാളികളെ മാത്രം റിക്രൂട്ട് ചെയ്യാൻ അനുവദിക്കുകയെന്നതാണ് നയം. ഉന്നതവിദ്യാഭ്യാസമില്ലാത്തവരെ ഒഴിവാക്കി തൊഴിൽവിപണിയുടെ ഗുണമേന്മ വർധിപ്പിക്കാനും അധികൃതർ ലക്ഷ്യമിടുന്നു. തൊഴിലാളി നാട്ടിലാണെങ്കിലും സ്പോൺസർക്ക് ഒാൺലൈനായി ഇഖാമ പുതുക്കാൻ അവസരമുണ്ടായിരുന്നു. ഇത് ഉപയോഗപ്പെടുത്താത്തവർക്കാണ് ഇഖാമയില്ലാതായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.