കുവൈത്ത് സിറ്റി: ഫലസ്തീൻ ലക്ഷ്യത്തെ പിന്തുണക്കുന്നതിൽ കുവൈത്ത് നിലപാട് തത്ത്വാധിഷ്ഠിതവും സ്ഥിരതയുള്ളതുമാണെന്ന് വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ്. ഫലസ്തീൻ വിഷയത്തിൽനിന്ന് കുവൈത്ത് വ്യതിചലിച്ചിട്ടില്ല. ഫലസ്തീനൊപ്പം എന്നത് ആറു പതിറ്റാണ്ടായി കുവൈത്ത് ഭരണകൂടത്തിന്റെ സ്ഥിരതയുള്ള നിലപാടാണെന്നും മന്ത്രി വ്യക്തമാക്കി. ഇസ്രായേൽ അധിനിവേശ സേനയുടെ പ്രതികാര യുദ്ധത്തിനും കൂട്ട ശിക്ഷക്കും യുദ്ധക്കുറ്റങ്ങൾക്കും ലോകം സാക്ഷ്യം വഹിക്കുന്നു. ദിവസങ്ങൾക്കുള്ളിൽ കുട്ടികൾ ഉൾപ്പെടെ ആയിരങ്ങൾ ഗസ്സയിൽ കൊല്ലപ്പെട്ടു.
ഗസ്സയിൽനിന്ന് ഫലസ്തീനികളെ കുടിയിറക്കുന്നത് നിരസിക്കുന്ന കുവൈത്ത് നിലപാട് വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. ഫലസ്തീൻ ജനതക്കുമേലുള്ള ക്രൂരത തടയാൻ അന്താരാഷ്ട്ര സമൂഹത്തെ അണിനിരത്തി എല്ലാ വാതിലുകളിലും മുട്ടുന്നത് തുടരുമെന്നും ശൈഖ് സലിം പറഞ്ഞു. നിർഭാഗ്യവശാൽ, ചില രാജ്യങ്ങൾ ഗസ്സയിൽ സംഭവിക്കുന്ന കാര്യങ്ങളിൽ ഇരട്ടത്താപ്പ് കാണിക്കുന്നു.
ഇത് എല്ലാവർക്കും വ്യക്തമാണ്. ആഗോള സുരക്ഷ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും ഉത്തരവാദിത്തമുള്ള യു.എൻ സുരക്ഷ കൗൺസിലിനും കൊലപാതകങ്ങളും നാശവും തടയാൻ കഴിയുന്നില്ല. സ്വാധീനമുള്ള രാജ്യങ്ങൾ യുദ്ധം തടയാൻ യു.എൻ രക്ഷാസമിതിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന പ്രതീക്ഷ അദ്ദേഹം പ്രകടിപ്പിച്ചു.
ഇസ്രായേൽ ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്നും ഫലസ്തീൻ പ്രശ്നത്തിൽ അന്തിമ പരിഹാരത്തിന് പുറമെ ഫലസ്തീന് മാനുഷിക, ദുരിതാശ്വാസ സഹായങ്ങൾ എത്തിക്കണമെന്നും ആവശ്യപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. ഗസ്സക്കെതിരായ ആക്രമണം തടയാനുള്ള ഏത് ശ്രമങ്ങളെയും കുവൈത്ത് സ്വാഗതം ചെയ്യുന്നതായും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.