കുവൈത്ത് സിറ്റി: ഭംഗിയോടെ വസ്ത്രം ധരിച്ചും കുസൃതികൾ കാട്ടിയും നായ്ക്കളും പൂച്ചകളും, ആകാശത്ത് ഉയർന്നു പറന്നും കൈകളിൽ വന്നിരുന്നും തത്തകൾ, മൂങ്ങകൾ, ചെറിയ പക്ഷികൾ എന്നിവ ലുലു ഹൈപ്പർ മാർക്കറ്റ് ഖുറൈൻ ഔട്ട്ലെറ്റിൽ സംഘടിപ്പിച്ച ‘പാവ്സ് ആൻഡ് ടെയിൽസ് കാർണിവൽ’ വളർത്തുമൃഗങ്ങളുടെ കൗതുക കാഴ്ചകളുടെ സംഗമമായി. ഇവക്കൊപ്പം ഉരഗങ്ങൾ, ആമകൾ, കുതിര എന്നിവയും കാർണിവലിന്റെ ഭാഗമായിരുന്നു. നൂറുക്കണക്കിന് വളർത്തുമൃഗങ്ങളാണ് കാർണിവലിൽ ഭാഗമായത്.
നായ്, പൂച്ച എന്നിവക്കായി സംഘടിപ്പിച്ച ഫാഷൻ ഷോയിൽ ഇവ പ്രത്യേക വസ്ത്രങ്ങൾ അണിഞ്ഞ് എത്തിയത് ആളുകളെ ആകർഷിച്ചു. വളർത്തുമൃഗങ്ങളുടെ ഭക്ഷണം, സാമ്പിളുകൾ എന്നിവയും പ്രത്യേക സ്റ്റാളുകളിൽ ഒരുക്കിയിരുന്നു. പരിസ്ഥിതി സൗഹൃദം പ്രോത്സാഹിപ്പിക്കുന്ന ‘ഗോ ഗ്രീൻ കാമ്പെയിനിന്റെ ഭാഗമായി സസ്യങ്ങളുടെയും പൂക്കളുടെയും പ്രദർശനവും നടന്നു. പരിപാടിയിൽ പ്രമുഖ നഴ്സറികൾ പങ്കെടുത്തു.
ബെസ്റ്റ് ഗാർഡൻ, മികച്ച ബാൽക്കണി ഗാർഡൻ മത്സരങ്ങളും നടന്നു. എല്ലാ വിഭാഗങ്ങളിലെയും മത്സരവിജയികൾക്ക് സമ്മാനങ്ങളും വൗച്ചറുകളും ലഭിച്ചു. കുടുംബത്തോടെ എത്തിയവർക്കൊപ്പമുള്ള കുട്ടികൾക്ക് വിനോദത്തിനായി ഊഞ്ഞാലുകളും മറ്റു കളിയിടങ്ങളും കാർണിവലിൽ ഒരുക്കിയിരുന്നു.
കാർണിവൽ ഉദ്ഘാടനം ലുലു കുവൈത്ത് ഉന്നത മാനേജ്മെന്റ് പ്രതിനിധികളും അതിഥികളും ചേർന്നു നിർവഹിച്ചു. മാർച്ച് അഞ്ചുവരെ തുടരുന്ന ‘പാവ്സ് ആൻഡ് ടെയിൽസ് കാർണിവൽലിന്റെ’ ഭാഗമായി വളർത്തുമൃഗങ്ങളുടെ ഭക്ഷണത്തിനും സാധനങ്ങൾക്കും മറ്റും കിഴിവ് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.