ജനസംഖ്യ സന്തുലനം: സർക്കാർ, പാർലമെൻററി സമിതി യോഗം ഇന്ന്​

കുവൈത്ത്​ സിറ്റി: ജനസംഖ്യ സന്തുലനവുമായി ബന്ധപ്പെട്ട്​ സർക്കാർ, പാർലമെൻററി സമിതി യോഗം ബുധനാഴ്​ച നടക്കും. ആഭ്യന്തരം, വിദേശകാര്യം, സാമൂഹിക ക്ഷേമം, ആരോഗ്യം, എണ്ണ, പൊതുമരാമത്ത്​ വകുപ്പ്​, ഭവന വകുപ്പ്​ എന്നിവയുടെ മന്ത്രിമാർ യോഗത്തിൽ സംബന്ധിക്കും. ശാസ്​ത്ര ഗവേഷണ സ്ഥാപനം, കാർഷിക മത്സ്യവിഭവ അതോറിറ്റി തുടങ്ങിയ സർക്കാർ വകുപ്പുകളുടെയും പ്രതിനിധികൾ ഉണ്ടാവും.

പാർലമെൻറി​െൻറ മനുഷ്യവിഭവ വികസന സമിതിയാണ്​ സർക്കാറുമായി ചർച്ച നടത്തുന്നത്​. നടപ്പ്​ പാർലമെൻറി​െൻറ അവസാന സെഷനും കഴിഞ്ഞതിനാൽ ഇനി തെരഞ്ഞെടുപ്പ്​ കഴിഞ്ഞ്​ പുതിയ പാർലമെൻറ്​ വന്നതിന്​ ശേഷമേ നിയമം നടപ്പാക്കൂ. കരടുനിയമം ആദ്യ വായനയിൽ പാർലമെൻറ്​ അംഗീകരിച്ചിരുന്നു. കഴിഞ്ഞയാഴ്ച നടക്കേണ്ട യോഗം ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽജാബിർ അസ്സബാഹി​െൻറ നിര്യാണ പശ്ചാത്തലത്തിൽ 14ലേക്ക്​ മാറ്റുകയായിരുന്നു. വിദേശി അനുപാതം കുറക്കാനുള്ള സുപ്രധാനമായ 10 വ്യവസ്ഥകൾ ഉൾപ്പെടുന്ന നിയമ നിർദേശം കഴിഞ്ഞ മാസം കുവൈത്ത് പാർലമെൻറിലെ മനുഷ്യവിഭവ സമിതി അംഗീകരിച്ചതാണ്​. അടുത്ത അഞ്ചു​ വർഷത്തിനുളിൽ വിദേശികളുടെ എണ്ണം ഗണ്യമായി കുറക്കുക എന്നതാണ് ബില്ലി​െൻറ ലക്ഷ്യം.

നിർദിഷ്​ട നിയമപ്രകാരം രാജ്യത്തിന്​ പരമാവധി ആവശ്യമുള്ള വിദേശ തൊഴിലാളികളുടെ എണ്ണം, ഓരോ രാജ്യത്തുനിന്നുമുള്ള പ്രവാസികളുടെ പരമാവധി എണ്ണം എന്നിവ നിർണയിക്കാനുള്ള അധികാരം മന്ത്രിസഭക്കായിരിക്കും. നിയമം നടപ്പായത് മുതൽ ആറു മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ മന്ത്രിസഭ തീരുമാനം കൈക്കൊള്ളണം എന്നാണ്​ വ്യവസ്ഥ. മന്ത്രിസഭ തീരുമാനം കൈക്കൊണ്ടാൽ അഞ്ചു വർഷത്തിനുള്ളിൽ ജനസംഖ്യ ക്രമീകരണം സാധ്യമാക്കേണ്ട ഉത്തരവാദിത്തം ബന്ധപ്പെട്ട വകുപ്പ് മന്ത്രിക്കായിരിക്കും.

അതേസമയം, സങ്കീർണമായ പ്രശ്​നമായതിനൽ നിശ്ചിത സമയത്തിനകം ഇത്​ നടപ്പാക്കേണ്ട ഉത്തരവാദിത്തം മന്ത്രിമാരിൽ നിക്ഷിപ്​തമാക്കുന്നതിൽ സർക്കാർ എതിർപ്പ്​ അറിയിച്ചു. കരടുനിയമത്തിൽ പറയുന്നതനുസരിച്ച്​ ജനസംഖ്യ സന്തുലനം നിശ്ചിത സമയത്തിനകം സാധ്യമാക്കുന്നതിന്​ നിരവധി പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.