കുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശികളും വിദേശികളും തമ്മിലുള്ള ജനസംഖ്യ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള തീരുമാനങ്ങൾ സർക്കാർ പരിഗണയിലെന്ന് സൂചന. പെരുന്നാൾ അവധിക്കുശേഷം ജനസംഖ്യാഘടന പരിഹരിക്കുന്നതിനുള്ള തീരുമാനങ്ങളുടെ ചർച്ചയിലേക്ക് സർക്കാർ കടക്കുമെന്നും അവ ഉടനടി നടപ്പാക്കാൻ അധികാരികൾക്ക് നിർദേശം നൽകുമെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് കുവൈത്ത് ടൈംസ് റിപ്പോർട്ടു ചെയ്തു. നേരത്തേ പാർലമെന്റ് പുറപ്പെടുവിച്ച ജനസംഖ്യാ ഘടന പരിഹരിക്കാനുള്ള നിർദേശത്തിൽ സർക്കാർ നിയമനിർമാണം നടത്തുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രവാസികളുടെ എണ്ണം 30 ശതമാനമായി കുറക്കുക, സ്വദേശികളുടെ എണ്ണം ജനസംഖ്യയുടെ 70 ശതമാനമാക്കുക എന്നത് ലക്ഷ്യമാണ്. നിലവിൽ പ്രവാസികളാണ് ജനസംഖ്യയിൽ ഭൂരിഭാഗം.
പ്രവാസി തൊഴിലാളികളുടെ ആവശ്യകതയും അവർക്കുവേണ്ട പ്രഫഷനൽ യോഗ്യതകളും വ്യക്തമാക്കി എണ്ണത്തിൽ പരിധികൾ നിശ്ചയിക്കും. പ്രവാസി തൊഴിലാളികൾക്കു പകരം സ്വദേശികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ സ്ഥാപനങ്ങൾക്കായി നയങ്ങളും വിവിധ പദ്ധതികളും രൂപവത്കരിക്കും. പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എജുക്കേഷൻ ആൻഡ് ട്രെയിനിങ് പരിപാടികൾ മെച്ചപ്പെടുത്തുമെന്നും വൃത്തങ്ങൾ അറിയിച്ചു. വിദേശ തൊഴിലാളികളുടെ രോഗങ്ങൾ, പകർച്ചവ്യാധികൾ എന്നിവ തടയുന്നതിനും ചികിത്സാമാർഗങ്ങൾ സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങളും വിവിധ മേഖലകൾക്കിടയിൽ പ്രവാസി തൊഴിലാളികളെ മാറ്റുന്നത് നിരോധിക്കുന്ന നയങ്ങളും സർക്കാർ ചർച്ചകളിൽ ഉൾപ്പെടുന്നു.
വീട്ടുജോലിക്കാരെ സ്വകാര്യ മേഖലയിലേക്കു മാറ്റുന്നത്, സന്ദർശക വിസകൾ വർക്ക് പെർമിറ്റുകളിലേക്കോ ഫാമിലി വിസകളിലേക്കോ മാറ്റൽ എന്നിവയിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരും. ഈ വിഷയത്തിൽ സർക്കാർ സ്ഥാപനങ്ങൾക്ക് സർക്കാർ മുന്നറിയിപ്പ് നൽകും. പ്രത്യേക പദ്ധതികൾക്കായി കൊണ്ടുവരുന്ന തൊഴിലാളികളുടെ താമസരേഖ പദ്ധതി പൂർത്തീകരിച്ചതിനുശേഷം പുതുക്കുന്നത് അനുവദിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, നിയന്ത്രണങ്ങളിൽനിന്ന് ജി.സി.സി പൗരന്മാർ, കുവൈത്തികളുടെ വിദേശ പങ്കാളികൾ, അവരുടെ കുട്ടികൾ, നയതന്ത്രദൗത്യങ്ങളുടെ തലവന്മാർ, അംഗങ്ങൾ എന്നിവരെ ഒഴിവാക്കും. സൈനികദൗത്യങ്ങളെ സഹായിക്കുന്ന തൊഴിലാളികളെയും വ്യോമയാന ഓപറേറ്റർമാരെയും ഒഴിവാക്കിയിട്ടുണ്ട്. വീട്ടുജോലിക്കാർ, മെഡിക്കൽ-വിദ്യാഭ്യാസ മേഖലകൾ എന്നിവയിലും ഇളവുകൾ ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.