കുവൈത്ത് സിറ്റി: ജനസംഖ്യ അസന്തുലിതത്വം പരിഹരിക്കാൻ മൂന്നോ നാലോ വർഷം മതിയെന്നും 20 വർഷം വേണമെന്ന സർക്കാർ പഠനം അസ്വീകാര്യമാണെന്നും സഫ അൽ ഹാഷിം എം.പി. 20 വർഷം വരെ ഇൗ വിഷയം നീട്ടിക്കൊണ്ടുപോവാൻ അനുവദിക്കില്ല. കുവൈത്തി പൗരത്വം അനുവദിക്കുന്നത് അഞ്ചുവർഷത്തേക്ക് നിർത്തിവെക്കണമെന്നും അവർ ആവശ്യപ്പെട്ടു. വിദേശികളുടെ എണ്ണം കൂടാത്ത തരത്തിൽ രാജ്യത്ത് ജനസംഖ്യാ സന്തുലനം പൂർണമായി നടപ്പാക്കണമെങ്കിൽ 20 വർഷം വേണ്ടിവരുമെന്ന് ജനസംഖ്യ അസന്തുലിത്വവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹിനും ആഭ്യന്തരമന്ത്രി ശൈഖ് ഖാലിദ് അൽ ജർറാഹിനും എതിരെ ഉയർന്ന കുറ്റവിചാരണയിലെ നിർദേശങ്ങൾ പഠന വിധേയമാക്കിയ പ്രത്യേക സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.
പദ്ധതി വിജയം കാണണമെങ്കിൽ സ്വദേശി ജനസംഖ്യയുടെ 20 ശതമാനം എന്നതോതിൽ ഓരോ രാജ്യക്കാർക്കും േക്വാട്ട നിശ്ചയിക്കണമെന്നും സമിതി നിർദേശിച്ചിരുന്നു. നിലവിൽ ആകെ രാജ്യനിവാസികളുടെ 31 ശതമാനം സ്വദേശികളും 69 ശതമാനം വിദേശികളുമാണ്. ജനസംഖ്യ അസന്തുലിതത്വം ഇല്ലാതാക്കാൻ ഓരോ രാജ്യക്കാരുടെയും എണ്ണം ആകെ സ്വദേശികളുടെ 20 ശതമാനത്തിൽ കൂടാൻ പാടില്ലെന്ന നിർദേശം ശക്തമായി നടപ്പാക്കിയാൽ ഇന്ത്യ, ഇൗജിപ്ത് പൗരന്മാരെയായിരിക്കും ഏറ്റവുമധികം ബാധിക്കുക. കുവൈത്തിലെ ആകെ ജനസംഖ്യ 44 ലക്ഷത്തിനടുത്താണ്. ഇതിൽ പത്തുലക്ഷത്തോളം ഇന്ത്യക്കാരാണ്. 6,30,000 പേരുമായി ഈജിപ്തുകാർ രണ്ടാം സ്ഥാനത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.