കുവൈത്ത് സിറ്റി: പ്രവാസി കൂട്ടായ്മ കുവൈത്ത് കേരള പ്രവാസിമിത്രയുടെ ജീവകാരുണ്യ പദ്ധതികൾക്ക് പ്രവാസികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പ്രവാസിക്കൊരു കൊച്ചുവീടെന്ന സ്വപ്നസാക്ഷാത്കാരത്തിനുള്ള ‘സഗീർ സൗധം’ പദ്ധതി, മാരകരോഗം ബാധിച്ച പ്രവാസികൾക്കും പ്രവാസികളുടെ രോഗികളായ മാതാപിതാക്കൾക്കുമുള്ള മെഡിസിൻ ഹെൽപ്, നിർധനരായ വിദ്യാർഥികൾക്കുള്ള പ്രവാസിമിത്ര സ്കോളർഷിപ് എന്നിവയാണ് പദ്ധതികൾ.
50 വയസ്സിനു മുകളിലുള്ള 200 ദീനാറിൽ താഴെ ശമ്പളമുള്ള പ്രവാസികൾക്കുവേണ്ടിയുള്ളതാണ് സഗീർ സൗധം ഭവനനിർമാണ പദ്ധതി. പെണ്മക്കൾ ഉള്ളവർ, രോഗികൾ, സ്വന്തമായി സ്ഥലമുള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കും. 700 സ്ക്വയർ ഫീറ്റിന് താഴെയുള്ള വീടാണ് നിർമിച്ചുനൽകുക. രോഗാവസ്ഥ, വരുമാനം, പ്രായം എന്നിവയുടെ അടിസ്ഥാനത്തിലാണ് മെഡിസിൻ ഹെൽപിനുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക. ബിരുദ, ബിരുദാനന്തര, പ്രഫഷനൽ കോഴ്സുകളിലെ തുടർപഠനത്തിനാണ് പ്രവാസിമിത്ര സ്കോളർഷിപ് നൽകുക. പഠനമികവും വരുമാനവും മാനദണ്ഡങ്ങളാണ്. 15,000 രൂപ വരെയാണ് സ്കോളർഷിപ് തുക.
നാലുപതിറ്റാണ്ടുകാലം കുവൈത്തിലെ പ്രവാസികളുടെ ഉന്നമനത്തിനായി സമർപ്പിത സാമൂഹിക സേവനം നടത്തുന്നതിനിടെ കോവിഡ് കാലത്ത് മരിച്ച പ്രമുഖ ജീവകാരുണ്യപ്രവർത്തകൻ സഗീർ തൃക്കരിപ്പൂർ, ഭാര്യ സൗദ എന്നിവരുടെ സേവനസ്മരണാർഥമാണ് സഗീർ സൗധം പദ്ധതി നടപ്പാക്കുന്നത്.
അപേക്ഷകൾ http://bit.ly/3LIurIS എന്ന ലിങ്കിൽകൂടി സമർപ്പിക്കാം. വരുമാന സർട്ടിഫിക്കറ്റിനൊപ്പം അപേക്ഷിക്കുന്ന സഹായപദ്ധതിക്കനുസരിച്ച് നികുതി രസീത്, മെഡിക്കൽ റിപ്പോർട്ട്, കോഴ്സ് സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളും സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 97226792, 69932360 നമ്പറുകളിൽ ബന്ധപ്പെടാം.
ഫർവാനിയ മെട്രോ മെഡിക്കൽ ഓഡിറ്റോറിയത്തിൽ ജീവകാരുണ്യ പദ്ധതി പ്രഖ്യാപന ചടങ്ങ് ഡോ. അമീർ അഹ്മദ് ഉദ്ഘാടനം ചെയ്തു. മുസ്തഫ ഹംസ അധ്യക്ഷത വഹിച്ചു. ഡോ. അമീർ അഹ്മദ്, ഡോ. രമേശ്, എസ്.എ. ലബ്ബ എന്നിവർ ചേർന്ന് ഫ്ലയർ റിലീസ് ചെയ്ത് ജീവകാരുണ്യ പദ്ധതികൾ പ്രഖ്യാപിച്ചു. യോഗത്തിൽ സി. ഫിറോസ്, കെ.സി. ഗഫൂർ, വി.കെ. ഗഫൂർ, കെ.വി. മുസ്തഫ മാസ്റ്റർ, വി.എ. കരീം, അക്ബർ വയനാട്, അർഷാദ് ഷെറീഫ്, ശിഹാബ് എന്നിവർ സംസാരിച്ചു. വി.എച്ച്. മുസ്തഫ സ്വാഗതവും ഷഹിദ് ലബ്ബ നന്ദിയും പറഞ്ഞു.
കൂട്ടായ്മയുടെ ഭാരവാഹികളായി വി.കെ. അബ്ദുൽ ഗഫൂർ (പ്രസി), കെ.വി. മുസ്തഫ, അർഷാദ് ശരീഫ് (വൈ. പ്രസി), കെ.സി. അബ്ദുൽ ഗഫൂർ (ജന. സെക്ര), വി.എ. കരീം (സെക്ര), വി.എച്ച്. മുസ്തഫ (ഓർഗ. സെക്ര), ഷഹിദ് ലബ്ബ (ട്രഷ), ഹംസ പയ്യന്നൂർ (ചീഫ് പ്രോജക്ട് കോഓഡിനേറ്റർ), സി. ഫിറോസ്, അക്ബർ വയനാട്, ഷിഹാബ്, റഫീഖ് ഉസ്മാൻ (പ്രോജക്ട് ടീം) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.