കുവൈത്ത് സിറ്റി: ലോക കേരള സഭ പ്രവാസികൾക്കും കേരളത്തിനും ഗുണമില്ലാത്ത ധൂർത്തായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുവൈത്തിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒ.െഎ.സി.സി കുവൈത്തിെൻറ ‘പുരസ്കാര സന്ധ്യ’ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയതാണ് അദ്ദേഹം. ഗൾഫ് നാടുകളിൽനിന്നടക്കം മടങ്ങിവരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാൻ ഒന്നും ചെയ്യാതിരിക്കുന്ന സർക്കാറിന് പ്രവാസികളുടെ കാര്യത്തിൽ ആത്മാർഥതയില്ല. നിക്ഷേപം സമാഹരിക്കുന്നതിന് തങ്ങൾ എതിരല്ല. എന്നാൽ, പ്രഖ്യാപനങ്ങൾ മാത്രമാണ് ഉണ്ടാവുന്നത്. 800 കോടി നിക്ഷേപമായി ലഭിക്കുമെന്ന് മുഖ്യമന്ത്രി ദുബൈയിൽ പ്രഖ്യാപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. 10,000 കോടി വരാൻപോവുന്നു എന്നാണ് ഇപ്പോൾ പറയുന്നത്.
പ്രവാസികൾ നേരത്തേ തുടങ്ങാൻ ഉദ്ദേശിച്ചതും പ്രഖ്യാപിച്ചതുമായ പദ്ധതികളാണ് സർക്കാർ നിക്ഷേപം കൊണ്ടുവന്നു എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്. തിരിച്ചുവരുന്ന പ്രവാസികൾക്ക് സംരംഭങ്ങൾ തുടങ്ങാൻ സഹായം നൽകാതെ ദ്രോഹിക്കുകയാണ് ചെയ്യുന്നത്. പുനലൂരിലെ സുഗതെൻറയും ആന്തൂരിലെ സാജെൻറയും ആത്മഹത്യ ഇതിന് ഉദാഹരണമാണ്. പ്രവാസികൾക്ക് ഗുണം ലഭിക്കുമെന്ന് കരുതിയാണ് തുടക്കത്തിൽ ലോക കേരളസഭയെ പിന്തുണച്ചത്. എന്നാൽ, ഇത് സർക്കാർ പണം ധൂർത്തടിക്കാനുള്ള വഴി മാത്രമാണെന്ന് കണ്ടതോടെയാണ് താനും യു.ഡി.എഫിനെ പിന്തുണക്കുന്നവരും ലോക കേരള സഭയിൽനിന്ന് രാജിവെച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എതിർശബ്ദങ്ങളെ അടിച്ചമർത്തി ജനാധിപത്യത്തെ കുഴിച്ചുമൂടുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്ന് എ.െഎ.സി.സി വക്താവ് നഗ്മ പറഞ്ഞു. ആൾക്കൂട്ട കൊലയും ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ശ്രമവുമാണ് ബി.ജെ.പി ഭരണത്തിെൻറ മറവിൽ നടത്തിവരുന്നത്. എതിർക്കുന്നവരെ രാജ്യദ്രോഹികളാക്കിയും പ്രതിപക്ഷ നേതാക്കളെ അന്യായമായി അറസ്റ്റ് ചെയ്തും സമഗ്രാധിപത്യം കൊണ്ടുവരാനാണ് നീക്കമെന്ന് അവർ കൂട്ടിച്ചേർത്തു. വി.കെ. ശ്രീകണ്ഠൻ എം.പി, ഒ.െഎ.സി.സി കുവൈത്ത് പ്രസിഡൻറ് വർഗീസ് പുതുക്കുളങ്ങര എന്നിവരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.