കുവൈത്ത് സിറ്റി: ഓണാഘോഷങ്ങൾക്കും മറ്റു പരിപാടികൾക്കും തയാറെടുക്കുന്ന സംഘടനകൾ ശ്രദ്ധിക്കുക. രാജ്യത്ത് പൊതുപരിപാടികൾ നടത്താൻ മുൻകൂർ അനുമതി നിർബന്ധമാണ്. അനുമതിയില്ലാതെ പരിപാടികൾ നടത്തിയാൽ അധികൃതരുടെ കർശന നടപടികൾ ഉണ്ടാകും. ഇതുസംബന്ധിച്ച് നേരത്തേ ബന്ധപ്പെട്ടവർ മുന്നറിയിപ്പ് നൽകിയിരുന്നതുമാണ്.
അടുത്തിടെ അനുമതിയില്ലാതെ ആഘോഷപരിപാടി നടത്തിയ ശ്രീലങ്കൻ പ്രവാസികൾക്ക് നിയമ നടപടികൾ നേരിടേണ്ടി വന്നു. പരിപാടി സംഘാടകരെയും മറ്റുമായി 26 പേരെ കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച ശ്രീലങ്കൻ അസോസിയേഷൻ സംഘടിപ്പിച്ച ‘ശ്രീലങ്കൻ സമ്മർ നൈറ്റ്’ എന്ന പരിപാടിക്കിടെയാണ് സംഭവം. കുവൈത്ത് അധികൃതരുടെ മുൻകൂർ അനുമതിയില്ലാതെ ഷോ നടത്തിയതിന് 26 പേരെയാണ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ശ്രീലങ്കൻ എംബസിയുടെ ഇടപെടലിലാണ് ഇവരെ വിട്ടയച്ചത്.
പൊതുപരിപാടികൾക്കും ചടങ്ങുകൾക്കും കൃത്യമായ മാനദണ്ഡങ്ങൾ അധികൃതർ നിശ്ചയിച്ചിട്ടുണ്ട്. ഇവ പാലിക്കാത്തവർക്കെതിരെ നടപടി തുടരുമെന്നാണ് സൂചന. അതേസമയം, രാജ്യത്തെ കെട്ടിട ബേസ് മെന്റുകളിൽ പ്രവർത്തിച്ചിരുന്ന മുഴുവൻ ഹാളുകളും പൂട്ടിയതിനാൽ ഈവർഷം ചെറിയ കൂട്ടായ്മകൾക്ക് ഓണാഘോഷവും മറ്റും സംഘടിപ്പിക്കാൻ സ്ഥലം കണ്ടെത്തൽ പ്രയാസം സൃഷ്ടിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.