കുവൈത്ത് സിറ്റി: പൗരന്മാർക്ക് അനുവദിക്കുന്ന റേഷൻ വസ്തുക്കൾ മറിച്ചുവിൽക്കൽ, രാജ്യത്തുനിന്ന് കടത്താനുള്ള ശ്രമം എന്നിവക്കെതിരെ നടപടി തുടരുന്നു. രാജ്യത്തുനിന്ന് പുറത്തേക്ക് കടത്താനുള്ള ശ്രമത്തിനിടെ അടുത്തിടെ 550 പാൽപൊടി ടിന്നുകൾ പിടികൂടിയതായി അധികൃതർ അറിയിച്ചു.
റേഷൻ വസ്തുക്കൾ മറിച്ചുവിൽക്കുന്നതും കടത്തുന്നതും തടയാൻ പരിശോധന ശക്തമാക്കിയതോടെ ഈ വർഷം വലിയ അളവിലുള്ള സാധനങ്ങൾ പിടികൂടിയിരുന്നു. 8,800 കാർട്ടൂൺ പാൽപൊടി, 1,173 ബാഗ് പഞ്ചസാര, 5,036 കാൻ എണ്ണ, 4,490 ബാഗ് ബ്രെഡ്, 1,492 ചാക്ക് പയർ, 486 പെട്ടി തക്കാളി പേസ്റ്റ്, 5,100 ചാക്ക് മാവ്, 11,882 ബാഗ് പാസ്ത, 3,675 പെട്ടി നാടൻ നെയ്യ് എന്നിവ ഈ വർഷം മേയ് ആറുവരെ പിടികൂടിയതായി അൽ റായി പത്രം റിപ്പോർട്ടു ചെയ്തു.
പൗരന്മാർക്ക് വിതരണം ചെയ്യുന്ന റേഷൻ വസ്തുക്കൾ കടത്തുന്നത് സർക്കാറിന്റെ ശ്രമങ്ങളെ തുരങ്കംവെക്കുമെന്നും സമ്പദ്വ്യവസ്ഥയിലും പൊതുജനക്ഷേമത്തിലും പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. കള്ളക്കടത്ത് തടയുന്നതിനും പ്രാദേശിക വിപണിയുടെ സമഗ്രത സംരക്ഷിക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും ക്ഷേമം സംരക്ഷിക്കുന്നതിനും ജാഗ്രത തുടരുമെന്നും അറിയിച്ചു.
സര്‍ക്കാര്‍ സബ്സിഡി നിരക്കിൽ നല്കുന്ന റേഷന്‍ ഭക്ഷ്യവസ്തുക്കള്‍ വില്പന നടത്തുന്നതിന് രാജ്യത്ത് കര്‍ശന നിരോധനമുണ്ട്. റേഷന്‍ ഭക്ഷ്യവസ്തുക്കള്‍ മറിച്ചുവില്‍ക്കുന്നത് പിടികൂടാന്‍ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ, വാണിജ്യ മന്ത്രാലയം എന്നിവരുടെ നേതൃത്വത്തില്‍ ടാസ്ക് ഫോഴ്സ് രൂപവത്കരിച്ചിട്ടുണ്ട്.
നിയമവിരുദ്ധമായ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന പ്രവാസികളെ പിടികൂടിയാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും. ഇത്തരം ഭക്ഷ്യവസ്തുക്കള്‍ രാജ്യത്തിന് പുറത്തേക്ക് കടത്താന്‍ ശ്രമിക്കരുതെന്നും അവ നിയമനടപടികള്‍ക്ക് വഴിവെക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.