മ​ന്ത്രി ഡോ. ​അ​മാ​നി ബു​ഖാ​മ​സ് സ്റ്റാ​ഫു​ക​ൾ​ക്കൊ​പ്പം

പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം –പൊതുമരാമത്ത് മന്ത്രി

കുവൈത്ത് സിറ്റി: പദ്ധതികൾ സമയബന്ധിതമായും വേഗത്തിലും പൂർത്തീകരിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി ഡോ. അമാനി ബുഖാമസ്.മന്ത്രാലയത്തിന് കീഴിലുള്ള വിവിധ പദ്ധതികളുടെ സന്ദർശന വേളയിലാണ് വൈദ്യുതി, ജല, ഊർജ വകുപ്പുകളുടെകൂടി ചുമതലയുള്ള മന്ത്രിയുടെ നിർദേശം. ഞായറാഴ്ച ഷാബിലെ വിന്റർ വണ്ടർലാൻഡ് പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങൾ മന്ത്രി നേരിട്ട് സന്ദർശിച്ച് വിലയിരുത്തി.

അബ്ദുൽ റാസാഗ് ദെർവാസ തുരങ്കവും വിമാനത്താവള വിപുലീകരണത്തിന്റെ നിർമാണ സ്ഥലവും മന്ത്രി സന്ദർശിച്ചു. സുപ്രധാന സംരംഭങ്ങളായ ഇവയുടെ നിർമാണത്തിൽ ഉയർന്നുവന്നേക്കാവുന്ന തടസ്സങ്ങൾ മറികടക്കാനും പെട്ടെന്ന് പൂർത്തിയാക്കാനും മന്ത്രി ഉദ്യോഗസ്ഥരെ ഉണർത്തി.

തന്റെ മന്ത്രാലയത്തിനും വകുപ്പുകൾക്കും കീഴിലെ ഉന്നത ഉദ്യോഗസ്ഥരുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. മുന്നിലുള്ള പദ്ധതികളുടെ ദ്രുതഗതിയിലുള്ള നിർവഹണം സുഗമമാക്കുന്നതിന് ഉദ്യോഗസ്ഥർക്കിടയിൽ കൂടുതൽ സഹകരണം അനിവാര്യമാണെന്നും കരാറുകളുടെ സവിശേഷതകളും വ്യവസ്ഥകളും പാലിക്കേണ്ടതുണ്ടെന്നും മന്ത്രി ഉദ്യോഗസ്ഥരെ അറിയിച്ചു.

പുതിയ മന്ത്രിസഭ അധികാരമേറ്റെടുത്തതോടെ തങ്ങളുടെ വകുപ്പുകളിൽ മന്ത്രിമാർ ശ്രദ്ധേയ ഇടപെടലുകൾ നടത്തിവരുന്നുണ്ട്.കഴിഞ്ഞ ദിവസം ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ബദ്ർ അൽ മുല്ല കുവൈത്ത് ഓയിൽ കമ്പനി സന്ദർശിക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. സാമൂഹിക കാര്യ വനിത-ശിശു ക്ഷേമകാര്യ മന്ത്രി മായി അൽ ബാഗിൽ മന്ത്രാലയത്തിന് കീഴിലെ വിവിധ വകുപ്പുകളിൽ സന്ദർശനം ആരംഭിക്കുകയുമുണ്ടായി. 

Tags:    
News Summary - Projects should be completed on time - Public Works Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.