റമദാൻകാല വിപണി: നിരീക്ഷണം ശക്തമാക്കി

കുവൈത്ത് സിറ്റി: കുവൈത്തിൽ റമദാൻ കാല വിപണി നിരീക്ഷണം ശക്തമാക്കി വിവിധ വകുപ്പുകൾ. മുനിസിപ്പാലിറ്റി, വാണിജ്യമന്ത്രാലയം, മാൻപവർ അതോറിറ്റി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് ഫീൽഡ് പരിശോധന ശക്തമാക്കിയത്. അനധികൃത പിരിവ് തടയാൻ റമദാൻ ഒന്നു മുതൽ നടത്തിയ പരിശോധനകളിൽ 175 നിയമലംഘനം കണ്ടെത്തിയതായി തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം അറിയിച്ചു. 680 പള്ളികളിലും 32 സന്നദ്ധ സംഘടന ആസ്ഥാനത്തും ഫീൽഡ് ടീം പരിശോധന നടത്തി. വസ്ത്രങ്ങൾ ശേഖരിക്കാൻ സ്ഥാപിച്ച 70 കിയോസ്‌കുകൾ നീക്കി. സമൂഹമാധ്യമങ്ങളിലൂടെ ഇഫ്താറിനായി സംഭാവന ശേഖരിക്കാൻ ആഹ്വാനം ചെയ്ത 22 റസ്റ്റാറൻറുകൾക്ക് മുന്നറിയിപ്പ് നൽകിയതായും ചാരിറ്റബ്ൾ സൊസൈറ്റീസ് വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് അൽ അജ്മി പറഞ്ഞു.

ഹവല്ലിയിലെ കടയിൽ ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ പരിശോധനയിൽ നൂറുകിലോയോളം ഭക്ഷ്യയോഗ്യമല്ലാത്ത മാംസം പിടിച്ചെടുത്തു. ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്ത ഫ്രോസൺ മാംസം ഡീഫ്രോസ്റ്റ് ചെയ്‌തശേഷം ഫ്രഷ് എന്ന പേരിൽ വിൽപന നടത്തുകയായിരുന്നു എന്ന് ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റി ഹവല്ലി മേഖല ഇൻസ്‌പെക്ടർ മുഹമ്മ്ദ് അൽ കന്ദരി പറഞ്ഞു.

സ്ഥാപനം അടച്ചുപൂട്ടുകയും നിയമ നടപടി ആരംഭിക്കുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു. ജഹ്റ മുനിസിപ്പാലിറ്റി ബ്രാഞ്ച് നടത്തിയ പരിശോധനയിൽ അലക്ഷ്യമായി നിർത്തിയിട്ട 11 കാറുകളും നാല് മൊബൈൽ ബഖാലകളും കസ്റ്റഡിയിലെടുത്തു. വഴി തടസ്സപ്പെടുത്തുന്നതും പൊതുജനങ്ങളുടെ കാഴ്ച മറക്കുന്നതുമായ കാര്യങ്ങൾ നീക്കം ചെയ്തതായി മുനിസിപ്പാലിറ്റി പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു. നേരത്തേ മുന്നറിയിപ്പ് നോട്ടീസ് പതിച്ചിട്ടും നിശ്ചിത സമയത്തിനകം മാറ്റാത്ത കാറുകളാണ് കസ്റ്റഡിയിലെടുത്ത് ഗാരേജിലേക്ക് മാറ്റിയത്. 

Tags:    
News Summary - Ramadan Market: Monitoring tightened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.