കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർധന. 2413 പേർക്കാണ് വ്യാഴാഴ്ച രോഗബാധ സ്ഥിരീകരിച്ചത്. കോവിഡ് കണ്ടെത്തിയതിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2413 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 10,237 ആയി.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.8 ശതമാനമായി ഉയർന്നു. കോവിഡ് വാർഡുകളിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 53 ആയും തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരുടെ എണ്ണം 11 ആയും വർധിച്ചിട്ടുണ്ട്. 264 പേർക്ക് രോഗം ഭേദമായി. വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചവരിൽ കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സയീദും ഉൾപ്പെടുന്നു.
വ്യാഴാഴ്ച രാവിലെ നടത്തിയ പി.സി.ആർ പരിശോധനയിലാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഫലം അറിഞ്ഞയുടൻ അദ്ദേഹം ക്വാറന്റീനിൽ പ്രവേശിച്ചതായി മന്ത്രാലയം അറിയിച്ചു. കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രാലയം ആശുപത്രികൾക്കുള്ള പ്രോട്ടോകോൾ പുതുക്കിനിശ്ചയിച്ചു.
മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ റിദ ആണ് ആശുപത്രി ജീവനക്കാരുടെയും സന്ദർശകരുടെയും സുരക്ഷ കണക്കിലെടുത്ത് പുതിയ സർക്കുലർ ഇറക്കിയത്. ആരോഗ്യ കേന്ദ്രങ്ങളിൽ എത്തുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും കാത്തിരിപ്പു സ്ഥലങ്ങളിൽ ഉൾപ്പെടെ സാമൂഹിക അകലം ഉറപ്പാക്കണമെന്നുമാണ് പ്രധാന നിർദേശം. ആശുപത്രികളിലെ സന്ദർശക സമയം ഉച്ചക്ക് ഒന്നിനും മൂന്നിനും ഇടയിലുള്ള രണ്ടു മണിക്കൂർ നേരത്തേക്ക് പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ സമയത്തു മാത്രമേ പുറത്തുനിന്നുള്ളവരെ രോഗികളെ സന്ദർശിക്കാൻ അനുവദിക്കൂ. അതേസമയം, പരസഹായം ആവശ്യമുള്ള രോഗിയുടെ കൂടെ ഒരാൾക്ക് പ്രവേശനം അനുവദിക്കും. ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ യോഗങ്ങളും വെർച്വൽ രൂപത്തിലേക്ക് മാറ്റണമെന്നും സർക്കുലറിൽ നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.