കുവൈത്ത് സിറ്റി: പെരുന്നാൾ ദിനത്തിൽ സോഷ്യൽ കെയർ ഹോമുകളിലെ അന്തേവാസികളെ സന്ദർശിച്ച് കുവൈത്ത് റെഡ്ക്രസന്റ് സൊസൈറ്റി പ്രവർത്തകർ. സന്തോഷകരമായ അവസരങ്ങളിൽ അവർക്കൊപ്പം ചെലവിടുക, സമ്മാനങ്ങളും ആശംസകളും കൈമാറുക എന്നിവയുടെ ഭാഗമായായിരുന്നു സന്ദർശനമെന്ന് അസോസിയേഷനിലെ യൂത്ത് ആൻഡ് വളന്റിയേഴ്സ് ഡിപ്പാർട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ അഹ്മദ് അൽ ഫഖാൻ പറഞ്ഞു. അശരണരെ സന്ദർശിക്കലും സഹായങ്ങളും സന്തോഷവും കൈമാറലും മാനുഷിക കടമയാണ്. ആഘോഷത്തിന്റെ സന്തോഷം മറ്റുള്ളവരുമായി പങ്കിടുന്നതും കുടുംബവും ബന്ധുക്കളും എന്നപോലെ ഒരുമിച്ച് ഇരിക്കലും പ്രധാനമാണ്.
ബുദ്ധിമുട്ടുകളും പ്രയാസങ്ങളും തരണം ചെയ്യാൻ പിന്തുണയും സഹായവും ആവശ്യമുള്ള എല്ലാവർക്കും അസോസിയേഷൻ സഹായം ചെയ്തുവരുന്നതായും അദ്ദേഹം പറഞ്ഞു. സാമൂഹിക ബാധ്യതയുടെ ഭാഗമായി കെയർ ഹോമുകൾ സന്ദർശിക്കുക, ആശുപത്രികൾ സന്ദർശിക്കുക, സിവിൽ സൊസൈറ്റി സ്ഥാപനങ്ങൾക്ക് സഹായഹസ്തം നൽകുക എന്നിവയും നടത്തിവരുന്നു. അന്തേവാസികളെ സേവിക്കുന്നതിനും വിശിഷ്ടമായ മാനുഷിക, മെഡിക്കൽ സേവനങ്ങൾ നൽകുന്നതിനും സാമൂഹിക കാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.