കുവൈത്ത് സിറ്റി: നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കുന്ന മെഗാ ദൗത്യത്തിന് ചൊവ്വാഴ്ച വൈകുന്നേരം വരെ കുവൈത്തിൽ രജിസ്റ്റർ ചെയ്തത് 30,000ത്തിലധികം പേർ. ഒരാഴ്ച നീളുന്ന ആദ്യഘട്ടത്തിൽ കുവൈത്തിൽനിന്ന് അഞ്ചു വിമാനങ്ങളിലായി 1000 പേർ മാത്രമാണ് തിരിച്ചുപോവുന്നത്. മുഴുവൻ പേരെയും കൊണ്ടുപോകാൻ ആഴ്ചകളെടുക്കും. എത്രയും വേഗം നാട്ടിലെത്തണമെന്ന മാനസികാവസ്ഥയിലാണ് നിരവധി പ്രവാസികൾ. ഇവിടെ രോഗികൾ വർധിച്ചുവരുന്നതും നാട്ടിൽ സ്ഥിതി നിയന്ത്രണവിധേയമാവുന്നതുമാണ് ഒരുകാരണം.
ജോലിയും വരുമാനവും ഇല്ലാതെ ഇവിടെ പിടിച്ചുനിൽക്കാനും ബുദ്ധിമുട്ടാണ്. സന്ദർശക വിസയിലെത്തി കുടുങ്ങിയ നിരവധി പേരുണ്ട്. 40ലധികം കമ്പനികൾ തൊഴിലാളികളെ തിരികെ നാട്ടിൽ കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ എംബസിയെ സമീപിച്ചിട്ടുണ്ട്. പൊതുമാപ്പിൽ രജിസ്റ്റർ ചെയ്ത 12,000ത്തോളം ഇന്ത്യക്കാർ ഉൗഴംകാത്ത് ക്യാമ്പിൽ കഴിയുകയാണ്.
ഇവർക്ക് യാത്രാസൗകര്യമൊരുക്കുന്ന ഉത്തരവാദിത്തം കുവൈത്ത് ഏറ്റെടുത്തിട്ടുണ്ട്. ഇന്ത്യൻ അധികൃതരിൽനിന്ന് അനുമതി ലഭിച്ചാലുടൻ കുവൈത്ത് ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും. മടക്കയാത്ര വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ക്യാമ്പിലുള്ളവർ പ്രതിഷേധം ഉയർത്തുന്നുണ്ട്.
ഇന്ത്യക്കാർ പരസ്യമായ പ്രതിഷേധം ഉയർത്തുന്നില്ല. ഇൗജിപ്തുകാർ കഴിഞ്ഞദിവസം പരസ്യപ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് പൊലീസും സൈന്യവും എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.