കുവൈത്ത് സിറ്റി: ഫലസ്തീനെതിരായ ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഫലസ്തീനികൾക്ക് കുവൈത്ത് കുടുംബവിസ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഫലസ്തീൻ അധ്യാപകർക്ക് അവരുടെ കുടുംബാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരാൻ ഫാമിലി വിസ അനുവദിക്കുന്നത് ആഭ്യന്തര മന്ത്രാലയം പരിഗണിക്കുന്നതായാണ് സൂചന. നിലവിൽ കുവൈത്ത് ഒരു രാജ്യക്കാർക്കും കുടുംബവിസ അനുവദിക്കുന്നില്ല. എന്നാൽ, നിലവിലെ സാഹചര്യത്തിൽ മാനുഷിക പരിഗണന കണക്കിലെടുത്താണ് ഫലസ്തീനികളെ പരിഗണിക്കുന്നത്. പുരുഷ-സ്ത്രീ അധ്യാപകരുടെ മക്കൾക്കു മാത്രമേ വിസ ലഭ്യമാകൂ എന്നും മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
ഒക്ടോബർ 11ന് ഗസ്സയിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ കുവൈത്തിൽ താമസിക്കുന്ന ഫലസ്തീനിയൻ അധ്യാപിക അരീജ് ഖാനന് കുടുംബത്തിലെ 11 അംഗങ്ങളെ നഷ്ടപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് നടപടി. സംഭവത്തിനു പിറകെ അരീജ് ഖാനനെ ഫോണിൽ വിളിച്ച് കുവൈത്ത് വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി ഡോ. ആദൽ അൽ മാനെ ആശ്വസിപ്പിച്ചിരുന്നു. കുവൈത്തിൽ ജോലിചെയ്യുന്ന ഗസ്സയിലെയും അധിനിവേശ പ്രദേശങ്ങളിലെയും എല്ലാ അധ്യാപകരെയും രാജ്യം പിന്തുണക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകുകയും ഉണ്ടായി. ഗസ്സയിൽനിന്നും വെസ്റ്റ് ബാങ്കിൽ നിന്നുമുള്ള നൂറുകണക്കിന് ഫലസ്തീൻ അധ്യാപകർ കുവൈത്തിൽ ജോലി ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.