കുവൈത്ത് സിറ്റി: ഇസ്രായേലി അധിനിവേശ ഭരണകൂടത്തിനും അവരോടുള്ള പോരാട്ടത്തിൽ ഫലസ്തീൻ ജനതയെ പിന്തുണക്കുന്നതിനും യഥാർഥവും പ്രായോഗികവുമായ നടപടികൾ ആവശ്യമാണെന്ന് കുവൈത്ത് എം.പിമാർ. അറബ് പാർലമെന്റ് യോഗങ്ങളിൽ പങ്കെടുക്കാൻ കൈറോയിൽ എത്തിയ കുവൈത്ത് ദേശീയ അസംബ്ലി എം.പിമാരായ ഖാലിദ് അൽ ഒതൈബി, അഹമ്മദ് ലാരി, ഹംദാൻ അൽ അസ്മി എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തിനെതിരെ കുവൈത്ത് എപ്പോഴും നിലകൊള്ളുമെന്ന് എം.പി അൽ ഒതൈബി പറഞ്ഞു.
ഫലസ്തീൻ ജനതക്കെതിരായ ഉന്മൂലന യുദ്ധം കണക്കിലെടുത്ത് ഗസ്സക്ക് പിന്തുണ എന്ന പേരിൽ അറബ് പാർലമെന്റ് യോഗം നടത്തണമെന്ന് കുവൈത്ത് നിർദേശിച്ചതായും അദ്ദേഹം പറഞ്ഞു. അറബ്, മുസ്ലിം രാജ്യങ്ങൾ ഫലസ്തീൻ സഹോദരങ്ങളോടുള്ള പെരുമാറ്റത്തിനെതിരെ നിലകൊള്ളണമെന്ന് അദ്ദേഹം ഉണർത്തി. ഇസ്രായേൽ ഭരണകൂടത്തോടും ഫലസ്തീനികൾക്കെതിരായ നടപടികളോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന രാഷ്ട്രങ്ങളെ അൽ ഒതൈബി അപലപിച്ചു.
ഫലസ്തീൻ ജനതയെയും അവരുടെ ന്യായമായ ആവശ്യത്തെയും കുവൈത്ത് പിന്തുണക്കുന്നത് തുടരുമെന്ന് അഹ്മദ് ലാരി എം.പി പറഞ്ഞു. ഫലസ്തീൻ ജനതക്കെതിരെ ദശാബ്ദങ്ങളായി തുടരുന്ന അനീതിയുടെ സ്വാഭാവിക പ്രതികരണമാണ് ഇസ്രായേൽ അധിനിവേശക്കാർക്കെതിരായ ഇപ്പോഴത്തെ നടപടിയെന്ന് എം.പി അൽ അസ്മി പറഞ്ഞു. ഫലസ്തീൻ ജനതക്ക് അവരുടെ ഭൂമിയുടെ അവകാശം തിരികെ നൽകാതെ ഒരു സമാധാനവും കൈവരിക്കാനാവില്ലെന്നും അൽ അസ്മി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.