കുവൈത്ത് സിറ്റി: കുവൈത്തിൽ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (നീറ്റ്) സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ സീനിയർ ബ്രാഞ്ച് വേദിയാകും. സാൽമിയ ബ്ലോക്ക് പത്ത് ഈസ അൽ ഖത്താമി സ്ട്രീറ്റിലാണ് സ്കൂൾ. ജൂലൈ 17ന് കുവൈത്ത് സമയം രാവിലെ 11.30 മുതൽ 2.50 വരെയാണ് പരീക്ഷ. രാവിലെ 8.30 മുതൽ പരീക്ഷ കേന്ദ്രത്തിൽ രജിസ്ട്രേഷൻ ഡെസ്ക് പ്രവർത്തിക്കും. 10.45ന് ശേഷം ആരെയും പരീക്ഷ കേന്ദ്രത്തിൽ പ്രവേശിപ്പിക്കില്ല.
ഗതാഗതക്കുരുക്കും കാലാവസ്ഥയും മറ്റും പരിഗണിച്ച് നേരത്തെ തന്നെ എത്തണമെന്ന് അധികൃതർ അഭ്യർഥിച്ചു. രജിസ്റ്റർ ചെയ്തവർക്ക് അഡ്മിറ്റ് കാർഡ് നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ https:neet.nta.nic.in എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം. മാർഗനിർദേശങ്ങൾ അഡ്മിറ്റ് കാർഡിലുണ്ടാകും. അഡ്മിറ്റ് കാർഡും തിരിച്ചറിയൽ രേഖകളും ഉള്ളവരെ മാത്രമേ രജിസ്ട്രേഷൻ ഭാഗത്തേക്ക് പ്രവേശിപ്പിക്കൂ. രക്ഷിതാക്കളെയും കൂടെവന്നവരെയും പ്രവേശിപ്പിക്കില്ല.
സുരക്ഷ പരിശോധനയും കോവിഡ് പശ്ചാത്തലത്തിൽ ശരീര താപനില പരിശോധനയുമുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് മൊബൈൽ നമ്പറും മുഴുവൻ വിലാസവും സഹിതം edu.kuwait@mea.gov.in എന്ന വിലാസത്തിൽ ബന്ധപ്പെടണം. കഴിഞ്ഞവർഷം ഇന്ത്യൻ എംബസി അങ്കണത്തിൽ പ്രത്യേക സൗകര്യം ഒരുക്കിയാണ് പരീക്ഷ നടത്തിയത്. കഴിഞ്ഞവർഷമാണ് ഇന്ത്യക്കുപുറത്ത് ആദ്യമായി നീറ്റ് പരീക്ഷക്ക് വേദിയൊരുങ്ങിയത്. ആദ്യം കുവൈത്തിൽ പ്രഖ്യാപിക്കുകയും പിന്നീട് യു.എ.ഇയിൽ കൂടി നടത്തുകയുമായിരുന്നു.
മുന്നൂറോളം കുട്ടികൾ കഴിഞ്ഞവർഷം കുവൈത്തിൽ പരീക്ഷ എഴുതി. നേരത്തേ തന്നെ എംബസി കൃത്യമായ മാർഗനിർദേശങ്ങൾ നൽകിയിരുന്നതിനാൽ ആശയക്കുഴപ്പങ്ങളോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടായില്ല. ഇത്തവണയും എംബസി വിശദമായ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്.
അഡ്മിറ്റ് കാർഡിൽ അനുവദിച്ച സാധനങ്ങൾ മാത്രമേ പരീക്ഷ കേന്ദ്രത്തിൽ കൊണ്ടുവരാവൂ.
നാഷനൽ ടെസ്റ്റിങ് ഏജൻസി നിശ്ചയിച്ച ഡ്രസ് കോഡ് ബാധകം.
ഒ.എം.ആർ ഷീറ്റിൽ കറുത്ത ബാൾ പോയന്റ് പേന കൊണ്ട് ഉത്തരം അടയാളപ്പെടുത്തണം.
പരീക്ഷാസമയം കഴിയാതെ പുറത്തുവിടില്ല.
പരീക്ഷ കേന്ദ്രത്തിന് അകത്തോ പുറത്തോ പാർക്കിങ് സൗകര്യം ഉണ്ടാകില്ല. പരീക്ഷാർഥികളെ ഗേറ്റിൽ ഇറക്കണം.
വിദ്യാർഥികൾ രജിസ്ട്രേഷൻ ഡെസ്കിൽ രക്ഷിതാക്കളുടെ അടിയന്തര കോൺടാക്ട് നമ്പർ നൽകണം.
www.nta.ac.in, https:nta.nic.in എന്നീ വെബ്സൈറ്റുകളിൽ അപ്ഡേറ്റ്സ് നോക്കണം
ഇ-മെയിൽ, എസ്.എം.എസ് അറിയിപ്പുകളും ശ്രദ്ധിക്കണം.
ഒരുദിവസം മുമ്പ് സ്ഥലം സന്ദർശിച്ച് പരിചയം നേടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.