കുവൈത്ത് സിറ്റി: സൗദി അറേബ്യയിൽ കുവൈത്ത് മെഡിക്കൽ വിദ്യാർഥികൾക്കുള്ള സീറ്റുകൾ വർധിപ്പിച്ചതായി കുവൈത്ത് ഉദ്യോഗസ്ഥൻ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് സീറ്റു വർധന.
ജോർഡൻ, ഈജിപ്ത് എന്നിവിടങ്ങളിലേക്കുള്ള സ്കോളർഷിപ്പുകൾ താൽക്കാലികമായി നിർത്തിവെച്ചതിനെത്തുടർന്ന് സൗദി സർവകലാശാലകളിലെ വിദ്യാർഥികളുടെ പ്രവേശനം വർധിപ്പിക്കാനുള്ള ശ്രമത്തിന്റെ തുടർച്ചയിലാണ് ഇതെന്നും കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റിയാദിലെ സാംസ്കാരിക ഓഫിസ് മേധാവി അഹ്മദ് അൽ ഖൻഫർ അറിയിച്ചു.
റിയാദിലെ അൽ ഫൈസൽ സർവകലാശാലയിലെ 2023-24 സെമസ്റ്ററിലേക്കുള്ള സീറ്റുകൾ 100 എണ്ണം വർധിപ്പിച്ചിട്ടുണ്ട്. പുതുതായി ബിരുദം നേടിയ കുവൈത്ത് വിദ്യാർഥികൾക്കും കാനഡ, യു.കെ, ആസ്ട്രേലിയ തുടങ്ങിയ മറ്റു രാജ്യങ്ങളിൽനിന്ന് ട്രാൻസ്ഫർ ചെയ്യപ്പെട്ടവർക്കും മറ്റു സർവകലാശാലകളിൽ സീറ്റ് വർധിപ്പിക്കാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കുവൈത്ത് മെഡിക്കൽ വിദ്യാർഥികളെ കൂടുതൽ ചേർക്കുന്നതിനായി 2024-25 സെമസ്റ്ററിനായി കിങ് സൗദ് യൂനിവേഴ്സിറ്റിയുമായി കരാർ ഒപ്പിടുന്നതിനുള്ള പ്രക്രിയയിലാണെന്നും അൽ ഖൻഫർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.