കുവൈത്ത് സിറ്റി: രാജ്യത്ത് തട്ടിപ്പുകാർ പുതുരൂപത്തിൽ വലവിരിക്കുന്നു. ഔദ്യോഗിക മന്ത്രാലയങ്ങളിൽ എന്നുള്ള രൂപത്തിൽ ഫോൺവിളിച്ചും സന്ദേശങ്ങൾ അയച്ചും പണം തട്ടലാണ് തട്ടിപ്പുസംഘത്തിന്റെ പുതിയ രീതി. മലയാളികളടക്കം നിരവധി പേർക്ക് ഇത്തരത്തിൽ കോളുകളും സന്ദേശങ്ങളും വന്നതായി പലരും വ്യക്തമാക്കി. പലർക്കും പണം നഷ്ടപ്പെടുകയും ചെയ്തു. ഗതാഗത നിയമലംഘനം, ബാങ്ക് ലോൺ അടവ്, ട്രാവൽ ബാൻ, വാക്സിനേഷൻ എന്നീ കാര്യങ്ങൾ എല്ലാം വിശ്വസനീയ രൂപത്തിൽ അവതരിപ്പിച്ചാണ് പണം തട്ടുന്നത്.
മുമ്പും പലരൂപത്തിലുള്ള തട്ടിപ്പുകളും നടന്നിട്ടുണ്ടെങ്കിലും കൃത്യമായ രേഖകൾ പറഞ്ഞും പൊലീസ് വേഷത്തിൽ വിഡിയോകാളിൽ എത്തിയുമാണ് ഇത്തവണ തട്ടിപ്പ്.
തട്ടിപ്പുസംഘം കുവൈത്തിൽ ജോലി ചെയ്യുന്ന കൊല്ലം സ്വദേശിയിൽനിന്നു തട്ടിയത് ഒരു ലക്ഷത്തോളം രൂപ. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ നഴ്സായ പത്തനാപുരം സ്വദേശിക്കാണ് പണം നഷ്ടമായത്. പൊലീസ് വേഷത്തിൽ വാട്സാപ്പ് വിഡിയോകാളിൽ വന്നയാൾ ട്രാവൽ ബാൻ ഉണ്ടെന്നും അതിന്റെ വെരിഫിക്കേഷന് വേണ്ടിയാണ് വിളിച്ചതെന്നും വ്യക്തമാക്കി. തുടർന്ന് നഴ്സിന്റെ ബാങ്ക് വിവരങ്ങളും ലോൺ എടുത്തതും മറ്റും പറഞ്ഞു. വിവരങ്ങൾ എല്ലാം ശരിയായി പറഞ്ഞതോടെ വിളിച്ചയാളെ വിശ്വസിച്ചു. ഇതിനിടെ ബാങ്കിലെ ഇൻസ്റ്റാൾമെന്റ് ഉടൻ അടക്കണമെന്നും വെരിഫിക്കേഷന് ശേഷം റീഫണ്ട് ചെയ്യാമെന്നും അറിയിച്ചു. ഗൂഗ്ൾ പേ നമ്പറും നൽകി.
അക്കൗണ്ടിലുള്ള 65 ദീനാർ ഉടൻ കൈമാറി. ബാക്കി തുക നാട്ടിൽ നിന്ന് നഴ്സിന്റെ ഭാര്യയും കൈമാറി. ഇത്തരത്തിൽ ഒരു ലക്ഷത്തോളം രൂപ കൈമാറിയെങ്കിലും റീഫണ്ടായില്ല. തുടർന്ന് വിളച്ച നമ്പറിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫായിരുന്നു. വിവരങ്ങൾ കാണിച്ച് പണം നഷ്ടപ്പെട്ടയാളുടെ ഭാര്യ നാട്ടിൽ സൈബർസെല്ലിനെ സമീപിച്ചെങ്കിലും അവർ കൈമലർത്തി.
കുവൈത്ത് പൊലീസിന്റെ വേഷത്തിൽ വാട്സാപ്പിൽ വിഡിയോ കാൾ ചെയ്യുകയാണ് തട്ടിപ്പുസംഘം ആദ്യം ചെയ്യുന്നത്. തുടർന്ന് ആളെ കുറിച്ചുള്ള പൂർണ വിവരങ്ങളും പറയും. ഇതോടെ ഫോൺ എടുക്കുന്നവർ ശരിക്കുമുള്ള പൊലീസാണെന്ന് കരുതും. മൊബൈലിൽ ഒ.ടി.പി അയക്കുകയാണ് അടുത്ത നടപടി. തട്ടിപ്പ് മനസ്സിലാകാതെ ഇത് പറഞ്ഞുകൊടുക്കുന്നവർക്ക് പണം നഷ്ടമാകും. അറബിയിലും ഇംഗ്ലീഷിലുമാണ് വിളിക്കുന്നവർ സംസാരിക്കുന്നത്. ഇതുകൊണ്ടു തന്നെ തട്ടിപ്പ് പെട്ടെന്ന് മനസ്സിലാകില്ല.
ആളുകളെ കുറിച്ച് മുഴുവൻ വിവരങ്ങളും മനസ്സിലാക്കിയാണ് തട്ടിപ്പുസംഘങ്ങൾ പ്രവർത്തിക്കുന്നത്. വിളിക്കുന്നവരുടെ സിവിൽ ഐ.ഡി നമ്പർ, രക്തഗ്രൂപ്, ജോലി ചെയ്യുന്ന സ്ഥലം, ബാങ്ക് വിവരങ്ങൾ എന്നിവയെല്ലാം വിളിക്കുന്നവർ വ്യക്തമായി പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രാലയത്തിൽ നിന്നാണെന്ന വ്യാജേനെ കോൾ വന്നതായി മലപ്പുറം സ്വദേശിയായ നഴ്സ് പറഞ്ഞു. ഇയാളുടെ സിവിൽ ഐ.ഡി നമ്പറും, രക്തഗ്രൂപ്പും, മറ്റുവിവരങ്ങളും വിളിച്ചയാൾ പറയുകയുണ്ടായി. ഇതോടെ ഔദ്യോഗിക മന്ത്രാലയത്തിൽ നിന്നുതന്നെയാകാം വിളിച്ചതെന്ന് കരുതി.
എന്നാൽ അവസാനം ഒ.ടി.പി മൊബൈലിലേക്ക് അയച്ചിട്ടുണ്ടെന്നും അതു പറഞ്ഞുകൊടുക്കാനും ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് മനസ്സിലായത്. ലാൻഡ് ലൈനിൽ നിന്നാണ് വിളി വന്നത്. ഗതാഗത നിയമലംഘനം നടത്തിയതായും പിഴ അടക്കാനും നിദേശിച്ചുള്ള സന്ദേശവും ഫോണിൽ വരുകയുണ്ടായി. നേരത്തേ സമാന സംഭവങ്ങളെ കുറിച്ചുള്ള ബോധ്യം ഉള്ളതുകൊണ്ടുമാത്രമാണ് തട്ടിപ്പിൽനിന്ന് രക്ഷപ്പെട്ടതെന്ന് മലപ്പുറം സ്വദേശി പറഞ്ഞു.
ഔദ്യോഗിക മന്ത്രാലയങ്ങളിൽ എന്നുള്ള രൂപത്തിൽ ഫോൺ വിളിച്ചും സന്ദേശങ്ങളയച്ചും പണം തട്ടലാണ് പുതിയ രീതി
തട്ടിപ്പ് സംഘത്തിന്റെ കാളുകൾ വ്യാപകമായി എത്തുന്നത് നഴ്സുമാർക്കാണ്. മലയാളികൾ അടക്കമുള്ള നിരവധി നഴ്സുമാർ ഇത്തരത്തിൽ കാളുകൾ വന്നതായി അറിയിച്ചു. സി.ഐ.ഡി ഓഫിസിൽ നിന്നാണെന്നും വാക്സിനേഷൻ വിവരങ്ങൾ ചോദിച്ചും വിളിക്കുന്നുണ്ട്. മാസങ്ങൾക്കു മുമ്പ് പാകിസ്താനി സ്വദേശിയായ നഴ്സിന്റെ ആറുലക്ഷത്തോളം രൂപയാണ് ഒറ്റയടിക്ക് നഷ്ടപ്പെട്ടത്. നഴ്സുമാരെ ലക്ഷ്യമിട്ട് തട്ടിപ്പ് വ്യാപകമായതോടെ ജാഗ്രത പാലിക്കാൻ മലയാളി നഴ്സുമാർ വിവിധ കൂട്ടായ്മകളിൽ ഉണർത്തുന്നുണ്ട്. തങ്ങളുടെ ഡേറ്റകൾ എങ്ങനെ തട്ടിപ്പ് സംഘത്തിന്റെ കൈയിലെത്തി എന്നതിൽ ആശങ്കയും പലരും പങ്കുവെച്ചു.
കുവൈത്ത് സിറ്റി: ട്രാഫിക് പിഴകളുടെ പേരിൽ വഞ്ചിതരാകരുതെന്ന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. ട്രാഫിക് പിഴ ലിങ്ക് വഴി അടക്കണമെന്നും അല്ലെങ്കിൽ വലിയ പിഴ ഈടാക്കണമെന്നും ആവശ്യപ്പെട്ട് സന്ദേശം അയച്ച് തട്ടിപ്പുകാർ രംഗത്തുവന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്.
ട്രാഫിക് നിയമലംഘനത്തിന് പിഴയടച്ചില്ലെങ്കിൽ വലിയ പിഴ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങൾ തങ്ങൾ അയക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. ആളുകളെ കബളിപ്പിക്കാൻ മന്ത്രാലയത്തിന്റെ വെബ്സൈറ്റിന് സമാനരൂപത്തിൽ വെബ്സൈറ്റ് ഉപയോഗിക്കുന്ന തട്ടിപ്പ് പ്രവർത്തനങ്ങളാണിവയെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
സർക്കാർ ഡിജിറ്റൽ പ്ലാറ്റ്ഫോമായ സഹേൽ ആപ്ലിക്കേഷനിൽ നിയമലംഘകർക്ക് ട്രാഫിക് നിയമലംഘനങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് സന്ദേശങ്ങൾ മാത്രമെ അയക്കുന്നുള്ളൂവെന്നും ചൂണ്ടിക്കാട്ടി. ഓൺലൈൻ പണമിടപാടുകൾക്കു മുമ്പ് വിശ്വാസ്യത ഉറപ്പാക്കാൻ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളെ ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.