കുവൈത്ത് സിറ്റി: ഫീസ് അടക്കാത്തതിെൻറ പേരിൽ വിദ്യാർഥികളെ പരീക്ഷക്കിരുത്താത്ത സ്വകാര്യ സ്കൂളുകൾക്കെതിരെ മുന്നറിയിപ്പുമായി വിദ്യാഭ്യാസമന്ത്രാലയം. അമിതഫീസ് ഈടാക്കുന്ന വിദ്യാലയങ്ങൾക്കെതിരെയും കടുത്ത നടപടികളുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രൈവറ്റ് എജുക്കേഷൻ ഡിപ്പാർട്മെൻറ് മേധാവി അബ്ദുൽ മുഹ്സിൻ അൽഹുവൈലയാണ് മുന്നറിയിപ്പ് നൽകിയത്. ട്യൂഷൻ ഫീസ് അടക്കാൻ വൈകിയതിെൻറ പേരിൽ വിദ്യാർഥികളുടെ പഠനം നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും വർഷാന്ത പരീക്ഷ എഴുതാൻ അവസരം നൽകണമെന്നുമാണ് സ്കൂളുകൾക്ക് നൽകിയ നിർദേശം.
നിർദേശം ലംഘിക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടിയുണ്ടാകും. ചില വിദ്യാലയങ്ങൾ മന്ത്രാലയം അംഗീകരിച്ച ട്യൂഷൻ ഫീസിനുപുറമെ മറ്റു പേരുകളിൽ അമിത തുക ഈടാക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരം വിദ്യാലയങ്ങൾക്കെതിരെയും നടപടിയുണ്ടാകും. 2018-19 അധ്യയനവർഷത്തിൽ സ്വകാര്യ സ്കൂളുകൾ ഫീസ് വർധിപ്പിക്കുന്നത് വിലക്കി വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കിയിരുന്നു.
ഫെബ്രുവരിയിൽ പുറത്തിറക്കിയ ഉത്തരവ് രാജ്യത്തെ അമേരിക്കൻ, ബ്രിട്ടീഷ്, ഇന്ത്യൻ, പാകിസ്താൻ, ഫിലിപ്പീൻസ്, ഇറാൻ, സ്വകാര്യ അറബ് സ്കൂളുകൾ എന്നിവക്കെല്ലാം ഉത്തരവ് ബാധകമാണ്. ട്യൂഷൻ ഫീസുൾപ്പെടെ കാര്യങ്ങളിൽ നിയമലംഘനം ആവർത്തിക്കുന്ന സ്കൂളുകളുടെ ഫയൽ ഒരു മാസത്തേക്ക് മരവിപ്പിക്കുമെന്നും സർക്കാർ ഉത്തരവ് പാടെ അവഗണിക്കുന്ന സ്കൂളുകളുടെ അംഗീകാരം റദ്ദാക്കുമെന്നും ഉത്തരവിൽ അധികൃതർ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.