കുവൈത്ത് സിറ്റി: താമസനിയമലംഘകരെ പിടികൂടാൻ മഹബൂലയിൽ നടത്തിയ പരിശോധനയിൽ 308 വിദേശികൾ അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാകാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫർറാജ് അൽ സൂബിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
പിടിയിലായവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. ഒരിടവേളക്കുശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷപരിശോധന പുനരാരംഭിച്ചിട്ടുണ്ട്.
ഒരാഴ്ചയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടക്കുന്നു. ജലീബ് അൽ ശുയൂഖ്, ഫർവാനിയ, ഖൈത്താൻ, അൻദലൂസ്, റാബിയ, അർദിയ വ്യവസായ മേഖല, ഫ്രൈഡേ മാർക്കറ്റ്, ജാബിർ അഹ്മദ് ഭാഗം എന്നിവിടങ്ങളിൽ പരിശോധന നടന്നു.
ജലീബ് അൽ ശുയൂഖിലെ പരിശോധനക്ക് ആഭ്യന്തര മന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ നേരിട്ടുള്ള നിർദേശവും മേൽനോട്ടവും ഉണ്ടെന്നാണ് റിപ്പോർട്ട്.
ഇവിടെ വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത പരിശോധനയാണ് നടക്കുന്നത്. റോഡുകളുടെ പ്രവേശന കവാടങ്ങളിൽ ചെക്പോയൻറുകൾ തീർത്താണ് രേഖകൾ പരിശോധിക്കുന്നത്. നിരവധി തവണ പൊതുമാപ്പ് ഉൾപ്പെടെ അവസരങ്ങൾ നൽകിയിട്ടും പ്രയോജനപ്പെടുത്താത്ത അനധികൃത താമസക്കാരെ വേട്ടയാടി പിടികൂടി നാടുകടത്താനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.
ഒന്നര ലക്ഷത്തിലേറെ അനധികൃത താമസക്കാർ രാജ്യത്തുണ്ട്. വീണ്ടും ഒരിക്കൽകൂടി പൊതുമാപ്പ് നൽകാൻ അധികൃതർ ആലോചിക്കുന്നതായും റിപ്പോർട്ടുണ്ട്.ഇതിനു മുന്നോടിയായാണ് ഇപ്പോൾ പരിശോധന വ്യാപകമാക്കിയതെന്നും വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.