കുവൈത്ത് സിറ്റി: കുവൈത്തിൽ 80,000 ഗാർഹികത്തൊഴിലാളികളുടെ കുറവുള്ളതായി റിപ്പോർട്ട്. റിക്രൂട്ട്മെൻറ് ഒാഫിസ് യൂനിയൻ മേധാവി ഖാലിദ് അൽ ദക്കാൻ വിദേശകാര്യ മന്ത്രാലയത്തിനും മാൻപവർ അതോറിറ്റിക്കും നൽകിയ നിവേദനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
റിക്രൂട്ട്മെൻറ് നടപടികൾ ത്വരിതപ്പെടുത്തണമെന്നും ഇത്യോപ്യ ഉൾപ്പെടെ കൂടുതൽ രാജ്യങ്ങളുമായി ധാരണയുണ്ടാക്കണമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. കുവൈത്തിൽ ഏറ്റവും കൂടുതൽ വീട്ടുജോലിക്കാരുള്ളത് ഇന്ത്യ, ഫിലിപ്പീൻസ്, ശ്രീലങ്ക രാജ്യക്കാരാണ്.
എന്നാൽ, ഇപ്പോൾ ഇൗ രാജ്യങ്ങളിൽനിന്ന് റിക്രൂട്ട്മെൻറ് അപേക്ഷ കുറവാണ്. രാജ്യത്തെ ഗാർഹികത്തൊഴിലാളി ക്ഷാമം പരിഹരിക്കണമെങ്കിൽ മറ്റു രാജ്യങ്ങളുമായി കരാറിൽ എത്തേണ്ടത് അത്യാവശ്യമാണ്. റിക്രൂട്ട്മെൻറ് ചെലവുകൾ ഗണ്യമായി വർധിച്ചിട്ടുണ്ട്. സർക്കാർ നിഷ്കർഷിച്ച 990 ദീനാർ എന്ന റിക്രൂട്ട്മെൻറ് ഫീസിൽ ആളെ കൊണ്ടുവരുന്നത് പ്രായോഗികമല്ല. ക്വാറൻറീൻ, പി.സി.ആർ പരിശോധന, ഉയർന്ന വിമാന ടിക്കറ്റ് നിരക്ക്, വിദേശ രാജ്യങ്ങളിൽ നൽകേണ്ട റിക്രൂട്ട്മെൻറ് ഫീസ് വർധന തുടങ്ങി ചെലവുകൾ വർധിച്ചതിനാൽ 990 ദീനാറിന് റിക്രൂട്ട്മെൻറ് സാധ്യമല്ല. അതുകൊണ്ടുതന്നെ ഫീസ് വർധിപ്പിക്കാൻ അനുമതി നൽകണമെന്ന് യൂനിയൻ ആവശ്യപ്പെട്ടു. 1400 മുതൽ 1500 ദീനാർ വരെയായി നിരക്ക് ഉയർത്തണമെന്നാണ് അവരുടെ ആവശ്യം.
കോവിഡ് പശ്ചാത്തലത്തിൽ കുവൈത്തിലേക്ക് വരുന്നതിന് മുമ്പ് തൊഴിലാളികൾക്ക് വിദേശത്ത് പരിശീലനം നൽകുന്നുണ്ട്. ഇതിനുള്ള ചെലവും കണ്ടെത്തേണ്ടിയിരിക്കുന്നു. കോവിഡ് കാലത്ത് നിർത്തിവെച്ച റിക്രൂട്ട്മെൻറ് പുനരാരംഭിച്ചിട്ടുണ്ട്. ഫിലിപ്പീൻസ്, ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് എന്നീ അഞ്ച് രാജ്യങ്ങളിൽനിന്ന് റിക്രൂട്ട്മെൻറ് പുനരാരംഭിക്കാനാണ് അനുമതി നൽകിയത്.
റിക്രൂട്ട്മെൻറ് നിലക്കുകയും അവധിക്ക് നാട്ടിൽപോയ തൊഴിലാളികൾ തിരിച്ചുവരാൻ കഴിയാതിരിക്കുകയും ചെയ്തതോടെ ഉടലെടുത്ത ക്ഷാമം അനധികൃത റിക്രൂട്ടിങ് ഒാഫിസുകൾ ചൂഷണത്തിന് അവസരമൊരുക്കുന്നതായി റിപ്പോർട്ടുണ്ട്. സ്പോൺസർമാരിൽനിന്ന് ഒളിച്ചോടാൻ പ്രേരിപ്പിച്ച് മറിച്ചുവിൽക്കുകയാണ് ഇത്തരം ഒാഫിസുകൾ. ദിവസ വേതനത്തിനും മണിക്കൂർ അടിസ്ഥാനത്തിലും ജോലിയെടുപ്പിക്കുന്നു. ഇത് നിയമവിരുദ്ധമാണ്. വൻ തുകയാണ് ഒാഫിസുകൾ വാങ്ങുന്നത്. വീട്ടുടമസ്ഥരിൽനിന്ന് 300 മുതൽ 400 ദീനാർ വരെ മാസം വാങ്ങുന്നതായി റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.