കുവൈത്ത് സിറ്റി: മലപ്പുറം ജില്ലയിലെ താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിൽ വിവിധ മലയാളി സംഘടനകൾ അനുശോചിച്ചു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച മലയാളി സമൂഹം ഇനിയൊരു അപകടം സംഭവിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ അധികാരികളെ ഉണർത്തി.
ബോട്ടപകടത്തിൽ കുവൈത്ത് കെ.എം.സി.സി നടുക്കം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി കുവൈത്ത് കെ.എം.സി.സി പ്രസിഡന്റ് ശറഫുദ്ദീൻ കണ്ണേത്തും ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാക്ക് പേരാമ്പ്രയും ട്രഷറർ എം.ആർ. നാസറും അനുശോചനസന്ദേശത്തിൽ പറഞ്ഞു. കുറ്റക്കാരായ ബോട്ടുടമയെയും തൊഴിലാളികളെയും മാതൃകാപരമായി ശിക്ഷിച്ച് ഭാവിയിൽ ഇത്തരം ദുരന്തങ്ങളില്ലാതാക്കാൻ സർക്കാർ നിയമങ്ങൾ കർശനമാക്കണമെന്നും കുവൈത്ത് കെ.എം.സി.സി ആവശ്യപ്പെട്ടു.
ബോട്ടപകടത്തിൽ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്ത ഇത്തരം സ്വകാര്യ വിനോദകേന്ദ്രങ്ങൾ നാട്ടിൻപുറങ്ങളിൽ കൂടിവരുന്നു. ഇതിനെതിരെ അധികാരികൾ കണ്ണുതുറക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) അഗാധമായ ദുഃഖം രേഖപ്പെടുത്തി. അടുത്ത കാലങ്ങളിലുണ്ടായ മുഹമ്മ, തട്ടേക്കാട് പോലുള്ള അപകടങ്ങളിൽനിന്ന് ഒരു പാഠവും ഉൾക്കൊണ്ടിട്ടില്ലെന്നതിനുള്ള തെളിവാണ് താനൂരിലും സംഭവിച്ചത്.
അപകടങ്ങൾ വരുമ്പോൾ മാത്രം പേരിന് നടപടികളുമായി പോകുന്നതിനു പകരം അതത് സമയങ്ങളിൽ വേണ്ട ഫിറ്റ്നസ് ചെക്കിങ്, സുരക്ഷാക്രമീകരണങ്ങൾ അടക്കമുള്ള കാര്യങ്ങളിൽ ദീർഘകാല അടിസ്ഥാനത്തിൽ സർക്കാറുകൾ ശ്രദ്ധിക്കണമെന്നും മരിച്ചവരുടെ ആശ്രിതർക്കുള്ള സഹായങ്ങൾ, പരിക്കേറ്റവർക്കുള്ള സഹായങ്ങൾ എന്നിവ എത്രയും വേഗം എത്തിക്കണമെന്നും കേരള മുഖ്യമന്ത്രിക്കയച്ച അടിയന്തര സന്ദേശത്തിൽ ആവശ്യപ്പെട്ടു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ എത്രയും പെട്ടെന്ന് സുഖംപ്രാപിക്കട്ടെയെന്നും അറിയിച്ചു.
താനൂർ തൂവൽതീരത്തുണ്ടായ ബോട്ടപകടത്തിൽ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ നടുക്കവും ദുഃഖവും രേഖപ്പെടുത്തി. മരിച്ചവരുടെ ആത്മശാന്തിക്കായി പ്രാർഥിക്കുന്നതോടൊപ്പം, അപകടത്തിൽപെട്ട് ചികിത്സയിൽ കഴിയുന്നവരുടെയും ഉറ്റവരുടെ വേർപാടുകൊണ്ട് വേദനിക്കുന്നവരുടെയും ദുഃഖത്തിൽ കെ.കെ.എം.എ പങ്കുചേരുന്നതായി വാർത്തക്കുറിപ്പിൽ അറിയിച്ചു. ദുരന്തഭൂമിയിൽ എല്ലാം നഷ്ടപ്പെട്ടവരുടെ സാന്ത്വനമായി സർക്കാർ മാറണമെന്നും അവർക്ക് അർഹമായ സഹായങ്ങൾ അനുവദിക്കണമെന്നും സംഘടന അഭ്യർഥിച്ചു.
അപകടത്തിൽ പി.സി.എഫ് കുവൈത്ത് അഗാധമായ ദുഃഖം രേഖപ്പെടുത്തി. ബോട്ട് മുങ്ങിയുണ്ടായ അപകടം അതീവ വേദനജനകമാണെന്നും ഞെട്ടലുളവാക്കുന്നതാണെന്നും പി.സി.എഫ് കുവൈത്ത് അനുശോചനക്കുറിപ്പിൽ അറിയിച്ചു. മുമ്പ് നടന്ന അപകടങ്ങളിൽനിന്ന് ഒരു പാഠവും നമ്മൾ പഠിച്ചിട്ടില്ല എന്നതിന്റെ നേർചിത്രമാണ് താനൂരിൽ കണ്ടത്. ഇതുപോലുള്ള അപകടങ്ങൾ ഇനിയും സംഭവിക്കാതിരിക്കാൻ അധികാരികൾ ശ്രദ്ധ ചെലുത്തണമെന്നും പി.സി.എഫ് അഭിപ്രായപ്പെട്ടു.
കുഞ്ഞുങ്ങളടക്കം 22 ജീവനുകൾ പൊലിഞ്ഞ താനൂർ ബോട്ടപകടത്തിൽ കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് അതിയായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. അവർക്ക് മനക്കരുത്തും ക്ഷമയും നൽകട്ടെ എന്നും ചികിത്സയിലുള്ളവർ എത്രയും പെട്ടെന്ന് ഭേദമായി ജീവിതത്തിലേക്ക് തിരികെ എത്തട്ടെയെന്നും അസോസിയേഷൻ അറിയിച്ചു.
ടൂറിസത്തിന്റെ മറവിൽ ആവശ്യമായ മുൻകരുതലുകളോ മതിയായ സുരക്ഷാക്രമീകരണങ്ങളോ ഇല്ലാതെ നടത്തുന്ന ഇത്തരം ബോട്ട് സർവിസുകൾക്കെതിരെ സർക്കാർ നിയമനടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ അനുശോചനക്കുറിപ്പിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.