കുവൈത്ത് സിറ്റി: തിരുവനന്തപുരം ജില്ല പ്രവാസി അസോസിയേഷൻ ടെക്സാസ് കുവൈത്തിന്റെ പതിനഞ്ചാം വാർഷികം വിപുലമായി ആഘോഷിച്ചു. ആഘോഷഭാഗമായി നടന്ന പനോരമ ഷോർട്ട് ഫിലിം ഫെസ്റ്റ്-2023 ശ്രദ്ധേയമായി. മൈദാൻ ഹവല്ലി അമേരിക്കൻ ഇന്റർനാഷനൽ സ്കൂളിൽ നടന്ന പരിപാടിയിൽ ടെക്സാസ് പ്രസിഡന്റ് ജിയാഷ് അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി കമൽ സിങ് രാത്തോർ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി മലയാളത്തിലെ പ്രമുഖ സംവിധായകൻ ലാൽ ജോസും അതിഥികളായി മലയാള സിനിമാനടിമാരായ വിൻസി അലോഷ്യസ്, ജീജ സുരേന്ദ്രൻ എന്നിവരും പങ്കെടുത്തു.
കേരളത്തിലെ ആദ്യ വനിത ആംബുലൻസ് ഡ്രൈവറായ ദീപ ജോസഫിന് ടെക്സാസ് യൂത്ത് ഐക്കൺ അവാർഡ് രക്ഷാധികാരി അരുൺ രാജഗോപാൽ കൈമാറി.
ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ വിജയികളായവർക്ക് സംവിധായകൻ ലാൽ ജോസ് ട്രോഫിയും സർട്ടിഫിക്കറ്റും കൈമാറി. കേന്ദ്ര സർക്കാർ സ്ഥാപനമായ നെഹ്റു യുവകേന്ദ്രയുടെ അംഗീകാരത്തോടെ നടന്ന ഫെസ്റ്റിവൽ കുവൈത്ത് മലയാളികൾക്ക് പുത്തൻ അനുഭവമായി. കേരളത്തിലെ പ്രമുഖ മ്യൂസിക് ബാൻഡായ മദ്രാസ് മെയിൽ അവതരിപ്പിച്ച മ്യൂസിക്കൽ നൈറ്റും കാണികൾ ഏറ്റെടുത്തു. ഷോ ഡയറക്ടർ കൃഷ്ണകുമാർ വട്ടിയൂർക്കാവ് സ്വാഗതവും ജനറൽ കൺവീനർ സുമേഷ് സുധാകരൻ നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.