കുവൈത്ത് സിറ്റി: കുവൈത്തിൽ ഉച്ചസമയത്ത് പുറംജോലി ചെയ്യിക്കുന്നതിനുള്ള വിലക്ക് അവസാനിച്ചെങ്കിലും അന്തരീക്ഷ താപനില ഉയർന്നുതന്നെ. 42 ഡിഗ്രി സെൽഷ്യസിനടുത്താണ് ഇപ്പോൾ പകൽ താപനില. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് കനത്ത റുതൂബയാണ് (ഹ്യുമിഡിറ്റി) അനുഭവപ്പെട്ടത്. കുറച്ചുനേരം പുറത്തുനിന്നാൽ തന്നെ വിയർത്ത് കുളിക്കും. ലോകത്തിലെ ഏറ്റവും ചൂട് അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്നായ കുവൈത്തിൽ പകലിൽ വെയിൽകൊണ്ട് അൽപദൂരം നടന്നാൽ വാടിത്തളരും. ഇതു കണക്കിലെടുത്താണ് രാവിലെ 11 മുതൽ വൈകീട്ട് അഞ്ചുവരെ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് വിലക്കാറുള്ളത്. ജൂൺ ഒന്നുമുതൽ ആഗസ്റ്റ് 31 വരെയാണ് പുറംജോലി വിലക്ക് ഏർപ്പെടുത്തിയത്. ഇൗ കാലാവധി കഴിഞ്ഞതോടെ നിർമാണത്തൊഴിൽ അടക്കം മേഖലകളിൽ കനത്ത വെയിലിൽ ജോലി ചെയ്യാൻ തൊഴിലാളികൾ നിർബന്ധിതരാണ്.
പെട്രോള്‍ സ്റ്റേഷനില്‍ ജോലി ചെയ്യുന്നവര്‍, മോേട്ടാർ സൈക്കിളില്‍ ഡെലിവറി നടത്തുന്നവര്‍, ശുചീകരണ തൊഴിലാളികൾ, കെട്ടിടങ്ങളുടെ കവാടത്തിനു പുറത്ത് കാവല്‍ നില്ക്കുന്നവർ എന്നിവർക്ക് മധ്യാഹ്ന ജോലിവിലക്ക് നേരത്തേ തന്നെ ബാധകമായിരുന്നില്ല. ഭാഗികമായായിരിക്കും ഇത്തരക്കാർ വെയില് കൊള്ളേണ്ടിവരുക എന്നതിനാലാണ് അവരെ നിയമത്തില്‍നിന്ന് മാറ്റിയതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, മുഴുസമയവും വെയിൽ കൊള്ളേണ്ടവരും ഇക്കൂട്ടരിലുണ്ട്. തുച്ഛമായ ശമ്പളത്തിനാണ് ഇവരിൽ ഭൂരിഭാഗവും തൊഴിലെടുക്കുന്നത്.
നട്ടുച്ചവെയിലിൽ വാടിത്തളർന്നുള്ള ഡെലിവറി ജീവനക്കാരുടെ ഒാട്ടപ്പാച്ചിൽ പതിവ് കാഴ്ചയാണ്. തൊഴിലാളികൾക്ക് സൂര്യാതപം പോലുള്ള അപകടങ്ങൾ ഏൽക്കാതിരിക്കുന്നതിനാണ് മധ്യാഹ്ന പുറംജോലി വിലക്ക് ഏർപ്പെടുത്തിയത്. നിർജലീകരണം സംഭവിക്കാതിരിക്കാൻ വെള്ളവും ദ്രാവക രൂപത്തിലുള്ള പാനീയങ്ങളും ധാരാളമായി കുടിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഉച്ചജോലി വിലക്ക് നിലവിലുള്ളപ്പോൾ മാത്രമല്ല ഇൗ നിർദേശം പാലിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.