കുവൈത്ത് സിറ്റി: കുവൈത്തിൽ ജൂലൈയിൽ വിമാന സർവിസ് സാധാരണ നിലയിലാകുമെന്ന് റിപ്പോർട്ട്. അടുത്ത മന്ത്രിസഭ യോഗത്തിൽ ഇതുസംബന്ധിച്ച് ചർച്ച ചെയ്യുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. കോവിഡ് പ്രതിരോധ കുത്തിവെപ്പിൽ അടുത്ത രണ്ടുമാസത്തിനകം ഗണ്യമായ പുരോഗതി കൈവരിക്കാനാകുമെന്നും ഇത് വൈറസ്വ്യാപനം നിയന്ത്രിക്കുമെന്നുമാണ് വിലയിരുത്തൽ.
അതോടെ വിമാനത്താവള പ്രവർത്തനം സാധാരണ നിലയിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. എന്നാൽ, ഇത് വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിൽ കൈവരിക്കുന്ന പുരോഗതിയെ അടിസ്ഥാനമാക്കിയാകും. ഇപ്പോൾ കുവൈത്ത് വിദേശികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.
അവധിക്ക് നാട്ടിൽപോയി കുടുങ്ങിയ ആയിരങ്ങളാണുള്ളത്. ജോലിയുമായും വിസ പുതുക്കലുമായും ബന്ധപ്പെട്ട് അടിയന്തരമായി കുവൈത്തിൽ എത്തേണ്ടതുള്ളവരാണ് ഇവരിലേറെയും. കർഫ്യൂ പ്രാബല്യത്തിലുണ്ടായിട്ടും കുവൈത്തിലും കോവിഡ് കേസുകൾ കൂടുതലാണ്.
1400നടുത്താണ് പ്രതിദിന കേസുകൾ. 15000ത്തിനു മുകളിൽ ആളുകൾ ചികിത്സയിൽ കഴിയുന്നു. തീവ്രപരിചരണ വിഭാഗത്തിൽ 250ഒാളം പേർ ഉണ്ട്. െഎ.സി.യു വാർഡുകളുടെ പകുതി നിറഞ്ഞിരിക്കുകയാണ്. വൈറസ്വ്യാപനം പരിധിവിട്ടാൽ കാര്യങ്ങൾ കുഴയും. അതുകൊണ്ടുതന്നെ തൽക്കാലം കൂടുതൽ ആളുകൾ രാജ്യത്ത് എത്തുന്ന സാഹചര്യം ഒഴിവാക്കണമെന്ന നിർദേശമാണ് ആരോഗ്യ മന്ത്രാലയം നൽകിയത് എന്നറിയുന്നു. അതിനിടെ ഇന്ത്യയിലെ കോവിഡ് വ്യാപനം ഇന്ത്യക്കാരായ പ്രവാസികൾക്ക് നിരാശ സമ്മാനിക്കുന്നുണ്ട്. കുവൈത്ത് വിദേശികളുടെ പ്രവേശന വിലക്ക് നീക്കിയാലും നാട്ടിലെ കോവിഡ് വ്യാപനം കാരണം ഇന്ത്യൻ പ്രവാസികൾക്ക് അവസരം നഷ്ടപ്പെടുമോ എന്നാണ് ആശങ്ക. ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകൾ മൂന്നു ലക്ഷത്തിനടുത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.