കുവൈത്ത് സിറ്റി: രാഷ്ട്രീയ അനിശ്ചിതത്വം ബാക്കിയാക്കി കുവൈത്ത് മന്ത്രിസഭ വീണ്ടും രാജിവെച്ചു. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് ചൊവ്വാഴ്ച ബയാൻ പാലസിലെത്തി കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അസ്സബാഹിന് രാജി സമർപ്പിച്ചു.
പാർലമെൻറുമായുള്ള പ്രശ്നങ്ങളാണ് മന്ത്രിസഭയുടെ രാജിയിലേക്ക് നയിച്ചത്. പാർലമെൻറുമായുള്ള ബന്ധം നന്നാക്കാനായി മന്ത്രിസഭ രാജിവെച്ച് പുനഃസംഘടിപ്പിച്ച ശേഷവും പ്രശ്നങ്ങൾ അവസാനിച്ചില്ല. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രിക്കെതിരെ കുറ്റവിചാരണ നടത്തിയിരുന്നു.
പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള പാർലമെൻറ് നിരന്തരം മന്ത്രിമാർക്കെതിരെ കുറ്റവിചാരണ പ്രമേയം അവതരിപ്പിക്കുന്നു. അവിശ്വാസപ്രമേയം പാസായാൽ ഭരണഘടനപ്രകാരം മന്ത്രിസഭ രാജിവെക്കേണ്ടതുണ്ട്. അത്തരം സാഹചര്യം മുൻകൂട്ടി കണ്ടാണ് രാജിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2020 നവംബറിൽ പാർലമെൻറ് തെരഞ്ഞെടുപ്പ് നടന്നശേഷം മൂന്നാമത് തവണയാണ് മന്ത്രിസഭ രാജിവെക്കുന്നത്.
2021 ജനുവരിയിൽ മന്ത്രിസഭ രാജിവെച്ച് മാർച്ച് രണ്ടിന് ശൈഖ് സബാഹ് ഖാലിദ് അസ്സബാഹിന്റെ തന്നെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ വന്നു. മന്ത്രിമാർക്കെതിരായ കുറ്റവിചാരണ പരമ്പരയെ തുടർന്നായിരുന്നു അന്നത്തെ രാജി. 2021 നവംബറിൽ പുനഃസംഘടനക്കായി രാജിവെച്ചു.
പാർലമെൻറും സർക്കാറും തമ്മിലുള്ള ബന്ധം നന്നാക്കാനായി അമീറിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന നാഷനൽ ഡയലോഗിന്റെ തുടർച്ചയായി പുതിയൊരു തുടക്കത്തിനായാണ് മന്ത്രിസഭ രാജിവെച്ചത്. പാർലമെൻറിന് അനഭിമതരായ മന്ത്രിമാരെ ഒഴിവാക്കിയും കൂടുതൽ പാർലമെൻറ് അംഗങ്ങളെ ഉൾപ്പെടുത്തിയുമാണ് പുതിയ മന്ത്രിസഭ രൂപവത്കരിച്ചത്. അതിന് ശേഷവും പ്രശ്നങ്ങൾ അവസാനിച്ചില്ല. ഒടുവിൽ മൂന്നാമത്തെ രാജിയിലുമെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.