കുവൈത്ത് സിറ്റി: കുവൈത്തിൽ 60 വയസ്സ് കഴിഞ്ഞ ബിരുദമില്ലാത്തവരുടെ വർക്ക് പെർമിറ്റ് പുതുക്കിനൽകരുതെന്ന തീരുമാനം റദ്ദാക്കിയേക്കും. കുവൈത്ത് മന്ത്രിസഭക്ക് കീഴിലെ ഫത്വ നിയമ നിർമാണ സമിതിയാണ് മാൻപവർ അതോറിറ്റി എടുത്ത തീരുമാനത്തിന് നിയമ സാധുതയില്ലെന്ന് വ്യക്തമാക്കിയത്.
തൊഴിൽ അനുമതിയുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങളോ നടപടിക്രമങ്ങളോ പ്രഖ്യാപിക്കൽ മാൻപവർ അതോറിറ്റിയുടെ അധികാര പരിധിയിൽ വരുന്ന കാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫത്വ നിയമനിർമാണ സമിതി തീരുമാനത്തെ നിരാകരിച്ചത്.
നിയമനിർമാണ സമിതിയുടെ അറിയിപ്പ് വന്നതോടെ ഇക്കാര്യത്തിൽ ഏറെ നാളായി നിലനിന്നിരുന്ന ആശങ്കൾക്കും അനിശ്ചിതത്വത്തിനും വിരാമമായതായി അൽറായി ദിനപത്രം റിപ്പോർട്ട് ചെയ്തു.
ജനസംഖ്യ ക്രമീകരണ നടപടികളുടെ ചുവടുപിടിച്ച് കഴിഞ്ഞ ആഗസ്റ്റിലാണ് മാൻപവർ അതോറിറ്റി വിദേശികളുടെ തൊഴിൽ പെർമിറ്റുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റോ അതിൽ താഴെയോ വിദ്യാഭ്യാസ യോഗ്യതയുള്ള വിദേശികൾക്ക് പ്രായം അറുപതോ അതിൽ കൂടുതലോ ആണെങ്കിൽ തൊഴിൽ പെർമിറ്റ് പുതുക്കിനൽകില്ലെന്നായിരുന്നു തീരുമാനം. 2018ൽ നടപ്പാക്കിയ തൊഴിൽ നിയമത്തിലെ 29ാം അനുച്ഛേദത്തിൽ ഭേദഗതി വരുത്തിയാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
വിവിധ കോണുകളിൽനിന്ന് എതിർപ്പ് ഉയർന്നതിനെ തുടർന്ന് 2000 ദീനാർ വാർഷിക ഫീസ് ഈടാക്കി ഇഖാമ പുതുക്കിനൽകാൻ മാൻപവർ അതോറിറ്റി സന്നദ്ധമായിരുന്നു.
ഈ നിർദേശവും അപ്രായോഗികമെന്നായിരുന്നു മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ നിലപാട്. ചേംബർ ഓഫ് കോമേഴ്സും മാൻപവർ അതോറിറ്റിയുടെ തീരുമാനത്തെ എതിർത്ത് രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.