കുവൈത്ത് സിറ്റി: കുവൈത്തിൽ വാണിജ്യ സ്ഥാപനങ്ങൾ രാത്രി എട്ടിന് ശേഷം പ്രവർത്തിക്കുന്നത് വിലക്കിയുള്ള തീരുമാനം പുനഃപരിശോധിക്കാൻ സാധ്യത. ഇക്കാര്യം സർക്കാറിനോട് ആവശ്യപ്പെടുമെന്ന് സ്പീക്കർ മർസൂഖ് അൽ ഗാനിമും നിരവധി പാർലമെൻറ് അംഗങ്ങളും വ്യക്തമാക്കിയിരുന്നു.
കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിെൻറ ഭാഗമായാണ് വാണിജ്യ കേന്ദ്രങ്ങള്‍ രാത്രി എട്ടിനും പുലർച്ച അഞ്ചിനുമിടക്ക് പ്രവർത്തിക്കാൻ പാടില്ലെന്ന് കുവൈത്ത് മന്ത്രിസഭ ഉത്തരവിട്ടത്. ഫെബ്രുവരി ഏഴ് മുതൽ ഉത്തരവ് പ്രാബല്യത്തിലായി. ബന്ധപ്പെട്ട വാണിജ്യ മേഖലകൾക്ക് തീരുമാനത്തിൽ പ്രതിഷേധവും നിരാശയുമുണ്ട്.
കഴിഞ്ഞ ദിവസം സലൂൺ ഉടമകളായ കുവൈത്തികൾ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഇത്തരം തീരുമാനങ്ങൾ പുനഃപരിശോധിക്കണമെന്ന് എം.പിമാർ ആവശ്യപ്പെട്ടു.ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് വാണിജ്യമേഖലയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് ഉസാമ അൽ ഷാഹീൻ എം.പി പറഞ്ഞു. കോവിഡ് വ്യാപനവുമായി ഈ നിയന്ത്രണങ്ങള്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ആരോഗ്യമന്ത്രിയോട് ചോദിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തീരുമാനം പിൻവലിക്കണമെന്ന് യൂസുഫ് അൽ ഫദ്ദാല എം.പി ആവശ്യപ്പെട്ടു.
സ്വകാര്യമേഖലയിലെ ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഡോ. അബ്ദുല്ല അല്‍ തുരൈജി എം.പി ആവശ്യപ്പെട്ടു. പ്രതിപക്ഷ എം.പിമാർക്ക് നിർണായക സ്വാധീനം പാർലമെൻറിൽ ഉള്ളതിനാൽ പാർലമെൻറ് അംഗങ്ങളുടെ ആവശ്യത്തെ അവഗണിച്ച് സർക്കാറിന് മുന്നോട്ടുപോകാനാവില്ല.
മന്ത്രിസഭ രൂപവത്കരിച്ച് ഒരു മാസത്തിനകം രാജിവെക്കേണ്ടിവന്നത് എം.പിമാരുടെ സമ്മർദത്തെ തുടർന്നാണ്.വ്യാപാര സ്ഥാപന ഉടമകളായ കുവൈത്തികളും ശക്തമായ സമ്മർദം ഉയർത്തുന്നു. തീരുമാനം പിൻവലിക്കുമെന്ന സൂചന ഇതുവരെ മന്ത്രിസഭ വൃത്തങ്ങൾ നൽകിയിട്ടില്ലെങ്കിലും അതിന് സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരും പ്രാദേശിക മാധ്യമങ്ങളും പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.