കുവൈത്ത് സിറ്റി: കുവൈത്തിൽ അടുത്തയാഴ്ച മുതൽ ചൂട് ഗണ്യമായി കുറയുമെന്ന് പ്രവചനം. പ്രമുഖ കാലാവസ്ഥ നിരീക്ഷകൻ മുഹമ്മദ് കറാമാണ് ഇൗ ആഴ്ച അവസാനത്തോടെ അന്തരീക്ഷ താപനില 40 ഡിഗ്രിയിൽ താഴേക്ക് വരുമെന്ന് പ്രവചിച്ചത്. ഒക്ടോബറിൽ 37 മുതൽ 39 ഡിഗ്രി വരെയായിരിക്കും കൂടിയ ചൂട്. മൂടിക്കെട്ടിയ അന്തരീക്ഷവും നേരിയ മഴയും ഇൗ മാസം പ്രതീക്ഷിക്കണം. നവംബർ ആദ്യം ശക്തമായ മഴക്കും സാധ്യതയുണ്ട്.
നേരത്തെ ഒക്ടോബറിലായിരുന്നു മഴക്കാലം ആരംഭിച്ചിരുന്നത്. കാലാവസ്ഥ മാറ്റത്തിെൻറ ഭാഗമായി കുറച്ച് വർഷമായി ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ ആണ് മഴ പെയ്യാറുള്ളത്. ഇൗ വർഷം 130 മുതൽ 150 മില്ലിമീറ്റർ വരെയായിരിക്കും മഴ ലഭിക്കുകയെന്ന് മുഹമ്മദ് കറാം പറഞ്ഞു. മഴക്കാലത്തിന് മുന്നോടിയായി വിവിധ സർക്കാർ വകുപ്പുകൾ തയാറെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, അഗ്നിശമന വകുപ്പ്, നാഷനൽ ഗാർഡ് തുടങ്ങിയവയാണ് തയാറെടുപ്പ് നടത്തിയത്.
2018ൽ നവംബറിലുണ്ടായ കനത്ത മഴ വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു. ഒരാഴ്ചക്കിടെ രണ്ടു തവണ വെള്ളപ്പൊക്കം ഉണ്ടായതിനെ തുടർന്ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി ഹുസ്സാം അൽ റൂമി രാജിവെച്ചു. റോഡുകളുടെയും പാലങ്ങളുടെയും ഒാടകളുടെയും നിർമാണപ്രവർത്തനങ്ങളിലെ അപാകതയാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് വിലയിരുത്തലുണ്ടായി. ഇൗ സാഹചര്യത്തിലാണ് വിവിധ വകുപ്പുകൾ നേരത്തെതന്നെ ഒരുക്കം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.