കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ജനുവരി രണ്ടിന് തുറക്കും. ജനുവരി ഒന്ന് വെള്ളിയാഴ്ച അവസാനം വരെ കര, കടൽ, വ്യോമ അതിർത്തികൾ അടച്ചിടാൻ തീരുമാനിച്ചത് പിന്നീട് തുടരേണ്ടെന്ന് തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു.
നാട്ടിൽ കുടുങ്ങിക്കിടക്കുന്നവരും നാട്ടിൽ പോവാൻ ആഗ്രഹിക്കുന്നവരുമായ നിരവധി പേർക്ക് ആശ്വാസമാണ് പ്രഖ്യാപനം. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടച്ചിടാനുള്ള തീരുമാനം പ്രവാസികളിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. തീരുമാനം നീണ്ടുപോവുമോ എന്നതായിരുന്നു ആശങ്കയുടെ അടിസ്ഥാനം.
സാഹചര്യങ്ങള്‍ വിലയിരുത്തി തുടര്‍ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് അന്ന് പ്രഖ്യാപിച്ചത്. ബ്രിട്ടനില്‍ കണ്ടെത്തിയ കോവിഡ് വൈറസിെൻറ പുതിയ വകഭേദം പടരുന്ന സാഹചര്യത്തിലാണ് കുവൈത്ത് മുൻകരുതൽ നടപടികളുടെ ഭാഗമായി വിമാനത്താവളവും കര, കടൽ അതിർത്തികളും അടക്കാൻ തീരുമാനിച്ചത്. അവധിക്ക് നാട്ടിൽ പോയ ആയിരക്കണക്കിന് പ്രവാസികളും വിവിധ അത്യാവശ്യങ്ങൾക്ക് ഉൾപ്പെടെ നാട്ടിൽ പോവാനിരുന്നവരുമാണ് പ്രയാസത്തിലായത്.
യു.എ.ഇ, തുർക്കി, ഇത്യോപ്യ, ബഹ്റൈൻ, ഖത്തർ ഉൾപ്പെടെ ഇടത്താവളങ്ങളിൽ ക്വാറൻറീനിൽ കഴിഞ്ഞിരുന്നവരും ആശങ്കയിലായിരുന്നു. എത്രദിവസം അവിടെ തുടരേണ്ടി വരുമെന്ന് ഒരു രൂപവും ഇവർക്ക് ഉണ്ടായിരുന്നില്ല. നാട്ടിലേക്ക് യാത്രക്ക് തയാറെടുത്ത് വിമാന ടിക്കറ്റെടുത്ത നിരവധി പേരും പെെട്ടന്ന് വിമാന സർവിസ് നിർത്തിയതോടെ പ്രതിസന്ധിയിലായിരുന്നു.
ഫോൺ കണക്ഷൻ വരെ റദ്ദാക്കി ഇവിടത്തെ ഇടപാടുകളെല്ലാം തീർത്ത് യാത്രക്ക് തയാറായവരും കുടുങ്ങി. മുറി ഒഴിഞ്ഞുകൊടുത്തവരുമുണ്ട്. കുറച്ചുദിവസത്തേക്ക് സുഹൃത്തുക്കളുടെ കൂടെ കഴിഞ്ഞിരുന്നവർക്ക് ഇനി വരും ദിവസങ്ങളിൽ നാട്ടിലേക്ക് പോവാം. അടുത്ത ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് കൂടുതലാവാൻ ഇടയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.