ഐക്യാഹ്വാനം മുഴക്കി കുവൈത്ത് ദേശീയ അസംബ്ലി

കുവൈത്ത് സിറ്റി: തെരഞ്ഞെടുപ്പിനും സർക്കാർ രൂപവത്കരണത്തിലെ നീണ്ട അനിശ്ചിതത്വങ്ങൾക്കുമൊടുവിൽ 17ാമത് ദേശീയ അസംബ്ലിയുടെ ആദ്യ സെഷൻ ചേർന്നു.രാജ്യത്തിന്റെ സുസ്ഥിരത, പുരോഗതി, സമൃദ്ധി എന്നിവക്ക് സർക്കാറും എം.പിമാരും തമ്മിലുള്ള യോജിച്ച പ്രവർത്തനത്തിന്റെയും ഐക്യത്തിന്റെയും ആവശ്യകതയെ സൂചിപ്പിക്കുന്നതായിരുന്നു ആദ്യ സെഷൻ.

രാവിലെ 10ന് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സഭയെ അഭിസംബോധന ചെയ്തു. എല്ലാ പൗരന്മാരും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിലും നിർമാണത്തിന്റെയും പരിഷ്കാരങ്ങളുടെയും പ്രക്രിയ മുന്നോട്ടുകൊണ്ടുപോകുന്നതിലും പങ്കാളികളാണെന്ന് അദ്ദേഹം ഉണർത്തി. ദേശീയ അസംബ്ലി പ്രതിനിധികളെ മികച്ച രീതിയിൽ തെരഞ്ഞെടുത്തതിന് ജനങ്ങളെ അഭിനന്ദിക്കുകയാണ്. ഇതിൽ തുടർച്ചയും ഉത്തരവാദിത്തവും ഉണ്ടായിരിക്കണം. തെരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ സഹകരിച്ച സിവിൽ, സൈനിക ഉദ്യോഗസ്ഥരെയും സന്നദ്ധപ്രവർത്തകരെയും അദ്ദേഹം പ്രശംസിച്ചു.

അ​സം​ബ്ലി സ​മ്മേ​ള​ന​ത്തി​നി​ടെ സൗ​ഹൃ​ദ​സം​ഭാ​ഷ​ണം ന​ട​ത്തു​ന്ന മ​ന്ത്രി​മാ​ർ

പ്രധാനമന്ത്രിയും മറ്റു അംഗങ്ങളും ആദ്യ ദിനത്തിൽ സംസാരിച്ചു. പ്രതിപക്ഷ നേതാവിന്റെ തെരഞ്ഞെടുപ്പും നടന്നു.സെപ്റ്റംബർ 29ന് നടന്ന പൊതു തെരഞ്ഞെടുപ്പിനുശേഷം ഏറെ വൈകിയാണ് ദേശീയ അസംബ്ലി സമ്മേളിച്ചത്. 30ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നെങ്കിലും മന്ത്രിസഭ രൂപവത്കരിക്കുന്നതിലെ അനിശ്ചിതത്വം അസംബ്ലി സമ്മേളനത്തെ ബാധിക്കുകയായിരുന്നു. ഫലപ്രഖ്യാപനത്തിനു പിറകെ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ മന്ത്രിസഭ പ്രഖ്യാപിച്ചെങ്കിലും അംഗങ്ങൾക്കെതിരെ എം.പിമാർ രംഗത്തെത്തി. തുടർന്ന് പ്രഖ്യാപിച്ച അംഗങ്ങളെ ഒഴിവാക്കി ഞായറാഴ്ച പുതിയ പട്ടിക പ്രഖ്യാപിക്കുകയായിരുന്നു. തിങ്കളാഴ്ച മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു.

രാഷ്ട്രീയ കലഹങ്ങൾ അവസാനിപ്പിക്കണം -കിരീടാവകാശി

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സമയവും പണവും പാഴാക്കുന്ന നീണ്ട വൈരാഗ്യവും 'ചെറിയ കാര്യങ്ങളും' അവസാനിപ്പിക്കാനും കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് അഭ്യർഥിച്ചു. ദേശീയ അസംബ്ലിയിൽ ആദ്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ലെജിസ്ലേറ്റിവും എക്സിക്യൂട്ടിവും തമ്മിലുള്ള ബന്ധത്തിലെ പിരിമുറുക്കത്തിന്റെ സമയം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അധ്വാനവും വിലപ്പെട്ട സമയവും പാഴാക്കാനേ അതുപകരിക്കൂ എന്നും അദ്ദേഹം ഉണർത്തി.

കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്

ഐക്യത്തിന് ആഹ്വാനം ചെയ്യുന്ന ഖുർആൻ വാക്യങ്ങൾ പാരായണം ചെയ്യുമ്പോൾ കിരീടാവകാശിയുടെ കണ്ണീർ പൊടിഞ്ഞു. യുക്തിസഹമായ ഭരണം കൈവരിക്കുന്നതിനുള്ള തന്ത്രം രൂപവത്കരിക്കാൻ അദ്ദേഹം പുതിയ സർക്കാരിനോട് അഭ്യർഥിച്ചു. ക്രമരഹിതമായ പ്രവൃത്തികൾ നടത്തിയാൽ ചോദ്യം ചെയ്യുമെന്നും സർക്കാരിന്റെ പ്രകടനത്തെ വ്യക്തിപരമായി പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ യുഗത്തിൽ പുതിയ കാഴ്ചപ്പാടുകൾ അനിവാര്യം -പ്രധാനമന്ത്രി

കുവൈത്ത് സിറ്റി: രാഷ്ട്രപുനരുദ്ധാരണത്തിന് പുതിയ യുഗത്തിൽ പുതിയ കാഴ്ചപ്പാടുകൾ അനിവാര്യമാണെന്ന് പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ്. ദേശീയ അസംബ്ലിയിൽ ആദ്യ സെഷനിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.രാജ്യത്തിന്റെ സുസ്ഥിരത, പുരോഗതി, സമൃദ്ധി എന്നീ ലക്ഷ്യങ്ങളിൽ ഏറ്റുമുട്ടലുകളും വ്യക്തിപരമായ താൽപര്യങ്ങളും അപ്രത്യക്ഷമാകുമെന്ന് പ്രതീക്ഷിക്കുന്നു. കൗൺസിലുമായി ഫലപ്രദമായ ബന്ധമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് ദേ​ശീ​യ അ​സം​ബ്ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്നു

കുവൈത്ത് ജനതയുടെ വിശ്വാസം നേടിയതിന് എം.പിമാരെ അഭിനന്ദിക്കുന്നു. ജനങ്ങളെ സേവിക്കുന്നതിൽ എല്ലാവരും വിജയിക്കും. ശുഭാപ്തിവിശ്വാസത്തിന്റെ അന്തരീക്ഷത്തോടെ പുതിയ യുഗത്തെ സ്വാഗതം ചെയ്യുകയാണ്. സർക്കാർ ജോലിയുടെ ഫലപ്രാപ്തി ഉൾക്കൊള്ളുന്നതിനും പൗരന്മാർക്കും സർക്കാർ ഏജൻസികൾക്കും ഇടയിലുള്ള വിശ്വാസത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്നതിനും സർക്കാർ ഗൗരവമായ നടപടികൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ പ്രക്രിയയെ ഉത്തേജിപ്പിക്കുന്നതിന് എല്ലാ ശ്രമങ്ങളും -മന്ത്രി

കുവൈത്ത് സിറ്റി: വിദ്യാഭ്യാസ വികസനത്തിൽ രാഷ്ട്രീയ നേതൃത്വത്തിന്റെ കാഴ്ചപ്പാട് നടപ്പാക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രിയുമായ ഡോ. ഹമദ് അൽ അദാനി. വിദ്യാഭ്യാസം രാജ്യത്തിന്റെ മുൻഗണനകളിൽ ഏറ്റവും പ്രധാനമാണ്. മന്ത്രാലയം ഇക്കാര്യത്തിൽ വ്യക്തവും കൃത്യവുമായ തന്ത്രങ്ങളും ലക്ഷ്യങ്ങളും പുനഃസജ്ജമാക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സംവിധാനങ്ങൾ, അധികാര കേന്ദ്രങ്ങൾ എന്നിവിടങ്ങൾക്കിടയിൽ കൂടുതൽ സഹകരണവും ഏകോപനവും ആവശ്യമാണ്.

ഡോ. ​ഹ​മ​ദ് അ​ൽ അ​ദാ​നി

മന്ത്രിസഭയിൽ ഉൾപ്പെട്ടതിന് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവർക്ക് ഡോ. ഹമദ് അൽ അദാനി നന്ദി അറിയിച്ചു.വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ സ്വദേശത്തും വിദേശത്തും രാജ്യത്തിന്റെ സ്ഥാനം ഉയർത്തൽ ലക്ഷ്യമാണ്. വിദ്യാഭ്യാസപരവും അക്കാദമികവുമായ അന്തരീക്ഷം പ്രദാനംചെയ്യുന്ന വിദഗ്ധരുടെ പിന്തുണയോടെയാണ് മന്ത്രാലയത്തിലെ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും അദ്ദേഹം ഉണർത്തി. 

അഹ്മദ് അൽ സദൂൻ സ്പീക്കർ

കുവൈത്ത് സിറ്റി: 17ാമത് ദേശീയ അസംബ്ലി സ്പീക്കറായി എം.പി അഹ്മദ് അൽ സദൂനെ തിരഞ്ഞെടുത്തു. ദേശീയ അസംബ്ലിയിലെ മുതിർന്ന അംഗമായ സദൂൻ 1985, 1992, 1996 വർഷങ്ങളിൽ സ്പീക്കറായിരുന്നു.1975 മുതൽ തുടർച്ചയായി 10 തവണ ദേശീയ അസംബ്ലി അംഗമായതിന്റെ അനുഭവവും ഉണ്ട്. 1934ൽ ജനിച്ച അഹ്മദ് അൽ സദൂൻ മൂന്നാം മണ്ഡലത്തിൽനിന്ന് 12,239 എന്ന റെക്കോഡ് വോട്ടിനാണ് ദേശീയ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ദേശീയ അസംബ്ലിയുടെ കാലാവധി അവസാനിക്കുന്നതുവരെ ഭരണഘടനയുടെ 92ാം അനുച്ഛേദപ്രകാരം സദൂൻ പദവിയിൽ തുടരും.

അ​ഹ്മ​ദ് അ​ൽ സ​ദൂ​ൻ

എക്സിക്യൂട്ടിവും നിയമനിർമാണ അധികാരികളും തമ്മിൽ സഹകരിച്ചു മുന്നോട്ടുപോകുമെന്നും അതിന്റെ ഫലമായി ഇനിയുള്ള ഘട്ടം നേട്ടങ്ങളുടെതാകുമെന്ന് പ്രതീക്ഷിക്കുന്നതായും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം സദൂൻ പറഞ്ഞു.സ്പീക്കറെയോ കമ്മിറ്റികളെയോ തിരഞ്ഞെടുക്കുന്നതിൽ സർക്കാർ ഇടപെടില്ലെന്ന് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് പാർലമെന്റിന് മുമ്പാകെ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു.

സുതാര്യവും നീതിയുക്തവുമായ രീതിയിൽ എം.പിമാർ സ്പീക്കറെ തെരഞ്ഞെടുക്കുമെന്ന് ദേശീയ അസംബ്ലികാര്യ സഹമന്ത്രിയും ഭവനകാര്യ സഹമന്ത്രിയുമായ അമ്മാർ അൽ അജ്മിയും അറിയിച്ചിരുന്നു.ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഹസൻ ജൗഹറിനെ പരാജയപ്പെടുത്തി മുഹമ്മദ് അൽ മുതൈർ തെരഞ്ഞെടുക്കപ്പെട്ടു

Tags:    
News Summary - The Kuwait National Assembly sounded a call of unity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.