കുവൈത്ത് സിറ്റി: േക്വാറം തികയാത്തതിനാലും സർക്കാർ പ്രതിനിധികൾ ഹാജരാകാത്തതിനാലും ദേശീയ അസംബ്ലി സമ്മേളനം വീണ്ടും മാറ്റി. ചൊവ്വാഴ്ച സഭ നടപടികൾ ആരംഭിച്ചതിന് പിറകെ സ്പീക്കർ അഹ്മദ് അൽ സദൂൻ സമ്മേളനം നിർത്തിവെച്ചതായി അറിയിക്കുകയായിരുന്നു. ജനുവരി 26ന് സർക്കാറിന്റെ രാജി സ്വീകരിച്ച അമീരി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ചയിലെ സാധാരണ സെഷനിലോ ബുധനാഴ്ചയിലെ സപ്ലിമെന്ററിയിലോ പങ്കെടുക്കില്ലന്ന് സർക്കാറിൽനിന്ന് സന്ദേശം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. സമ്മേളനം മാർച്ച് ഏഴ്, എട്ട് തീയതികളിലേക്ക് മാറ്റിയതായും സ്പീക്കർ അറിയിച്ചു.
സർക്കാറിന്റെ രാജിപ്രഖ്യാപനം വന്നതിനുശേഷം ഇത് മൂന്നാം തവണയാണ് ദേശീയ അസംബ്ലിയോഗം മാറ്റിവെക്കുന്നത്. ജനുവരി 25ലെ പതിവ് സമ്മേളനത്തിൽ പ്രധാനമന്ത്രിയും മന്ത്രിമാരും പങ്കെടുത്തിരുന്നില്ല. തുടർന്ന് ഈ മാസം ഏഴ്, എട്ട് തീയതികളിലേക്ക് സമ്മേളനം മാറ്റിവെച്ചു. അന്നും സർക്കാർ പ്രതിനിധികൾ സഭയിൽ എത്താത്തതിനാലാണ് 21, 22 തീയതികളിലേക്ക് മാറ്റിയിരുന്നത്.
പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ്, മന്ത്രിസഭയുടെ രാജി പ്രഖ്യാപിച്ചതിന് പിറകെയാണ് സർക്കാറിന്റെ പിന്മാറ്റം. എം.പിമാരുമായുള്ള അഭിപ്രായ ഭിന്നതയെത്തുടർന്നാണ് രാജിവെക്കാനുള്ള നിലപാട് പ്രധാനമന്ത്രി സ്വീകരിച്ചത്. രാജി സ്വീകരിച്ച അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് നിലവിലെ സർക്കാറിനോട് താൽക്കാലിക ചുമതല തുടരാൻ ആവശ്യപ്പെട്ടിരുന്നു. അതേസമയം, പുതിയ സർക്കാർ രൂപവത്കരണത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ല.
പുതിയ സർക്കാർ രൂപവത്കരണം വരെ ദേശീയ അസംബ്ലി സമ്മേളനം തടസ്സപ്പെടാനാണ് സാധ്യത. അസംബ്ലിയിൽ ചർച്ചചെയ്യാൻ നിരവധി വിഷയങ്ങൾ എം.പിമാർ ഉയർത്തിക്കൊണ്ടുവന്നിട്ടുണ്ട്. സമ്മേളനം നടക്കാത്തതിനാൽ ഇതും നീളുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.