കുവൈത്ത് സിറ്റി: കുവൈത്തിൽ പൂർണ കർഫ്യൂ ഏർപ്പെടുത്താനുള്ള സാധ്യത തള്ളി ആരോഗ്യമന്ത്രാലയം. കോവിഡ് സുപ്രീം ഉപദേശക സമിതി അധ്യക്ഷൻ ഡോ. ഖാലിദ് അൽ ജാറുല്ലയാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഭാഗിക കർഫ്യൂ ഏർപ്പെടുത്തിയത് വൈറസ് വ്യാപനം തടയാൻ സഹായിച്ചിട്ടുണ്ട്. ഇപ്പോൾ സ്ഥിതി നിയന്ത്രണവിധേയമാണ്. പുതിയ കേസുകൾക്ക് ഒപ്പംതന്നെ രോഗമുക്തിയും ഉള്ളതുകൊണ്ട് ആകെ ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ വലിയ വർധനയില്ല. ജനങ്ങൾ ആരോഗ്യ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുകയാണെങ്കിൽ ഭാഗിക കർഫ്യൂവിനുതന്നെ ഇളവ് നൽകാൻ കഴിയും. പ്രതിരോധ കുത്തിവെപ്പെടുക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച 1429 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1444 പേർ രോഗമുക്തി നേടി.ആകെ ഇതുവരെ 2,73,991 പേർക്ക് വൈറസ് ബാധിച്ചപ്പോൾ 2,57,261 പേർ രോഗമുക്തരായി. ബാക്കി 15,167 പേരാണ് ചികിത്സയിലുള്ളത്. 219 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. ഒമ്പതു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 1563 ആയി. 9865 പേർക്കു കൂടിയാണ് വെള്ളിയാഴ്ച പരിശോധന നടത്തിയത്. ആകെ പരിശോധന നടത്തിയത് 23,26,703 പേർക്കാണ്. കുവൈത്ത് (15,167), സൗദി (9826), ബഹ്റൈൻ (10,108), ഖത്തർ (15,650), യു.എ.ഇ (17,870), ഒമാൻ (18,120) എന്നിങ്ങനെയാണ് വിവിധ ജി.സി.സി രാജ്യങ്ങളിൽ കോവിഡ് ചികിത്സയിലുള്ളവർ.
കുവൈത്ത് സിറ്റി: കർഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട് കുവൈത്തിൽ വെള്ളിയാഴ്ച 29 പേർ അറസ്റ്റിലായി.17 കുവൈത്തികളും 12 വിദേശികളുമാണ് പിടിയിലായത്.കാപിറ്റൽ ഗവർണറേറ്റിൽ രണ്ടുപേർ, ഹവല്ലി ഗവർണറേറ്റിൽ ആറുപേർ, ഫർവാനിയ ഗവർണറേറ്റിൽ ഏഴുപേർ, ജഹ്റ ഗവർണറേറ്റിൽ എട്ടുപേർ, അഹ്മദി ഗവർണറേറ്റിൽ ആറുപേർ എന്നിങ്ങനെയാണ് പിടിയിലായത്. മുബാറക് അൽ കബീർ ഗവർണറേറ്റിൽ ആരും അറസ്റ്റിലായില്ല.
കർഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാത്രി ഏഴുമുതൽ പുലർച്ച അഞ്ചുവരെയാണ് നിലവിൽ കർഫ്യൂ. രാത്രി 10വരെ റെസിഡൻഷ്യൽ ഏരിയയിൽ നടക്കാൻ പ്രത്യേക അനുമതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.