മൂന്നാം തരംഗം സമ്മർദത്തിലാക്കിയിട്ടില്ലെന്ന്​ മന്ത്രാലയം

കുവൈത്ത്​ സിറ്റി: മൂന്നാം കോവിഡ്​ തരംഗം ആരോഗ്യ പ്രവർത്തകരെ സമ്മർദത്തിലാക്കിയിട്ടില്ലെന്ന്​ ആരോഗ്യ മന്ത്രാലയത്തിലെ കോവിഡ് മാനേജ്‌മെൻറ്​ ടീമിന് നേതൃത്വം നൽകുന്ന ഡോ. ഹാഷിം അൽ ഹാഷിമി പറഞ്ഞു.

പ്രായമായവർ, നിത്യരോഗികൾ, പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവർ എന്നിവരാണ് ചികിത്സ തേടി എത്തിയവരിൽ ഏറെയും. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരിലും ബൂസ്റ്റർ ടോസ് എടുത്തവരുടെ എണ്ണം കുറവാണ്. അതുകൊണ്ടുതന്നെയാണ് നിശ്ചിത സമയം പൂർത്തിയാക്കിയ എല്ലാവരും ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവർത്തിച്ച്​ ആവശ്യപ്പെടുന്നതെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്തിൽ കൊറോണ വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയ ശേഷം രോഗികളുടെ എണ്ണത്തിൽ വലിയ കുതിപ്പാണ് രേഖപ്പെടുത്തിയത്. പ്രതിദിന കേസുകൾ റെക്കോർഡുകൾ ഭേദിച്ച് 5000ത്തിന്​ മുകളിലെത്തി.എന്നാൽ, ഒന്നും രണ്ടും തരംഗങ്ങളെ അപേക്ഷിച്ച്​ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിൽ വർധന ഉണ്ടാകാത്തതും മരണസംഖ്യ കൂടാത്തതും ആശ്വാസത്തിന് വക നൽകുന്നു.വാക്സിനേഷൻ രംഗത്ത് രാജ്യം കൈവരിച്ച നേട്ടമാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

4,510 പേർക്ക്​ കോവിഡ്​; 4,109 രോഗമുക്തർ

കുവൈത്ത്​ സിറ്റി: കുവൈത്തിൽ കോവിഡ് കേസുകൾ നാലായിരത്തിനു മുകളിൽതന്നെ. 4,510 പേർക്കാണ് വ്യാഴാഴ്​ച കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 34,000ത്തോളം സാമ്പിളുകൾ പരിശോധിച്ചതിലാണ് 4,510 പേരുടെ ഫലം പോസിറ്റിവായത്.

ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 44,830 ആയി. 13.3 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്​. കോവിഡ് വാർഡുകളിൽ 326 രോഗികളും അത്യാഹിത വിഭാഗത്തിൽ 42 പേരുമാണ് ചികിത്സയിലുള്ളത്. രണ്ടുപേർകൂടി മരിച്ചതോടെ കോവിഡ് മൂലം കുവൈത്തിൽ മരിച്ചവരുടെ എണ്ണം 2,482 ആയി.

അതേസമയം, കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും മരണനിരക്ക് കുറവാണെന്നത് ആശ്വാസം പകരുന്നുണ്ട്. 0.52 ശതമാനമാണ് കുവൈത്തിലെ മരണനിരക്ക്. ജി.സി.സി രാജ്യങ്ങളിൽ കോവിഡ് മരണനിരക്കിൽ മൂന്നാംസ്ഥാനത്താണ് കുവൈത്ത്.

1.42 ശതമാനവുമായി സൗദിയാണ് ഒന്നാം സ്ഥാനത്ത്. 1.31 ശതമാനവുമായി ഒമാനാണ് തൊട്ടുപിറകിൽ. ബഹ്‌റൈൻ 0.45 ശതമാനം, യു.എ.ഇ 0.27 ശതമാനം എന്നിങ്ങനെയാണ് മരണനിരക്ക്. കുവൈത്തിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ 90 ശതമാനം പേരും ബൂസ്റ്റർ ഡോസ് വാക്സിൻ എടുക്കാത്തവരാണെന്ന്​ ആരോഗ്യ വിദഗ്​ധർ വ്യക്തമാക്കി.

വൈറസ് വകഭേദങ്ങളുടെ അപകട സാധ്യത കുറക്കാൻ എല്ലാവരും ബൂസ്റ്റർ വാക്സിൻ സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രാലയത്തിലെ വിവിധ ഡോക്ടർമാർ അഭ്യർഥിച്ചു.

Tags:    
News Summary - The ministry said the third wave was not under pressure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.