കുവൈത്ത് സിറ്റി: കുവൈത്ത് ചേംബർ ഓഫ് ഇൻഡസ്ട്രി ആൻഡ് കോമേഴ്‌സ് ചെയർമാൻ, അറബ്, ഗൾഫ് ചേംബർ ഓഫ് കോമേഴ്‌സ് മേധാവികൾ എന്നിവരുമായി കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് കൂടിക്കാഴ്ച നടത്തി.അറബ് രാജ്യങ്ങളിലെ നേതാക്കൾ അവരുടെ നാട്ടിലെ ജനങ്ങൾക്ക് മികച്ച സേവനം നടത്തുന്നതായി കിരീടാവകാശി സൂചിപ്പിച്ചു. സഹകരണവും സംയോജനവുമാണ് വളർച്ചക്കും പുരോഗതിക്കും അടിസ്ഥാനം.
അറബ് രാജ്യങ്ങളിലെ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഗുരുതര സാഹചര്യങ്ങൾക്കിടയിൽ സ്വകാര്യ മേഖലയെ പുനരുജ്ജീവിപ്പിക്കാൻ ഇവ ശ്രമിക്കുന്നു.അറബ് രാജ്യങ്ങളുടെ സാമ്പത്തിക വികസനത്തിൽ സ്വകാര്യ മേഖലയുടെ പങ്ക് പ്രധാനമാണെന്നും കിരീടാവകാശി കൂട്ടിച്ചേർത്തു. കൊറോണ പ്രതിസന്ധി, സാമ്പത്തിക സ്ഥിതി എന്നിവയിൽ ലോകമെമ്പാടുമുള്ള രാജ്യങ്ങൾ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
അറബ് ബന്ധങ്ങളിൽ കുവൈത്ത് എപ്പോഴും അഭിമാനിക്കുന്നുണ്ടെന്നും നിരവധി അറബ് ഏജൻസികൾക്ക് ആതിഥേയത്വം വഹിക്കുന്നുണ്ടെന്നും കുവൈത്ത് ചേംബർ മേധാവി പറഞ്ഞു. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനും കിരീടാവകാശിക്കും അദ്ദേഹം ആശംസ നേർന്നു. അമീരി ദിവാൻ കാര്യമന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽമുബാറക് അസ്സബാഹ്, അമീരി ദിവാൻ അണ്ടർ സെക്രട്ടറിയും അമീരി ഓഫിസ് ഡയറക്ടറുമായ അഹമ്മദ് ഫഹദ് അൽ ഫഹദ്, കിരീടാവകാശിയുടെ ഓഫിസ് ഡയറക്ടർ ജമാൽ അൽ ദയബ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.