കുവൈത്ത് സിറ്റി: രാജ്യത്ത് താപനില ഇനിയും ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ച മുതൽ രണ്ടാം ജെമിനി സീസണിന്റെ തുടക്കമാകും. ഇത് 13 ദിവസം നീളും. ജെമിനി സീസണുകളുടെ രണ്ടാം ഘട്ടമാണ് ഏറ്റവും ചൂടേറിയ കാലം. ഈ ദിവസങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തും. കൊടും ചൂടിനൊപ്പം ചൂടുള്ള വടക്കൻ കാറ്റുമുള്ളതിനാൽ ഇത് ‘അഹുറ വേനൽ’ എന്ന് അറിയപ്പെടുന്നു. ഈ സീസണിൽ രാത്രിയിലും ശക്തമായ കാറ്റ്, നീണ്ടുനിൽക്കുന്ന ഈർപ്പം, താപനിലയിലെ വർധന എന്നിവയാണ് സവിശേഷത. പകൽ 13 മണിക്കൂറും 36 മിനിറ്റും രാത്രി 10 മണിക്കൂറും 24 മിനിറ്റും ആയിരിക്കും ദൈർഘ്യം. ശേഷം മർസിം എന്ന ഘട്ടത്തിലേക്ക് കടക്കും. ആഗസ്റ്റിലും കടുത്ത ചൂട് അനുഭവപ്പെടും. സെപ്റ്റംബർ അവസാനത്തോടെ ചൂട് കുറഞ്ഞുതുടങ്ങും.
അതേസമയം, നിലവിൽ പലയിടത്തും 50 ഡിഗ്രി സെൽഷ്യസിനടുത്ത് താപനില അനുഭവപ്പെടുന്നുണ്ട്. ചൂട് കൂടിയതോടെ പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവരുടെ എണ്ണവും കുറഞ്ഞു. റോഡിൽ വാഹനങ്ങളും കുറവാണ്. അവധിക്കാലമായതിനാൽ മലയാളികൾ അടക്കമുള്ള പ്രവാസി കുടുംബങ്ങൾ ഭൂരിപക്ഷവും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ആഗസ്റ്റ് 31 വരെ രാജ്യത്ത് ഉച്ചവിശ്രമ നിയമവും നിലവിലുണ്ട്. രാവിലെ 11 മുതൽ വൈകീട്ട് നാലു വരെയാണ് പുറം പണികൾക്ക് നിയന്ത്രണം. താപനില ഉയരുന്നതോടെ സൂര്യാതപമേൽക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിർജലീകരണം സംഭവിക്കാതിരിക്കാൻ വെള്ളം ധാരാളമായി കുടിക്കണം. അയഞ്ഞ, കനം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. കഠിന വ്യായാമങ്ങൾ ഒഴിവാക്കണമെന്നും വിദഗ്ധർ നിർദേശിക്കുന്നു.
ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ മേഖലയിൽ ഏറ്റവും ചൂട് അനുഭവപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് കുവൈത്ത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂടാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ താപനിലയിൽ വർധനയുണ്ടാകുമെന്നും സൂചനയുണ്ട്. ജൂലൈ 16 മുതൽ ആഗസ്റ്റ് 20 വരെ 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനില എത്തുന്ന ദിനങ്ങൾ വർധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.