കുവൈത്ത് സിറ്റി: കുവൈത്തിൽ ശൈത്യകാല തമ്പ് സീസൺ ചൊവ്വാഴ്ച അവസാനിക്കും. നവംബർ 15 മുതൽ മാർച്ച് 15 വരെ നാലുമാസമാണ് മരുപ്രദേശങ്ങളിലും മറ്റും തണുപ്പ് ആസ്വാദന തമ്പുകൾ പ്രവർത്തിപ്പിക്കാൻ അനുമതിയുള്ളത്. തണുപ്പ് മാറിയതിനാൽ ഭൂരിഭാഗം പേരും തമ്പ് വാസം അവസാനിപ്പിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കുവൈത്ത് മുനിസിപ്പാലിറ്റി തമ്പ് നിർമിക്കുന്നതിനായി സ്ഥലം നിർണയിച്ചു നൽകിയിരുന്നു. ഇവിടെനിന്ന് തമ്പ് അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും പ്രദേശം വൃത്തിയാക്കാനും തമ്പുടമകൾക്ക് അധികൃതർ നിർദേശം നൽകിയിരുന്നു.
മുനിസിപ്പാലിറ്റി കഴിഞ്ഞ ആഴ്ച ഫീൽഡ് ടീം രൂപവത്കരിച്ചാണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പും മാർഗനിർദേശവും നൽകിയത്. കാലാവധി കഴിയുന്നതോടെ ഉടമകൾ സ്വന്തം ഉത്തരവാദിത്തത്തിൽ തമ്പുകൾ പൊളിച്ചുനീക്കുകയും സ്ഥലം വൃത്തിയാക്കുകയും വേണമെന്നാണ് ചട്ടം.
ഇതനുസരിക്കാത്ത തമ്പുടമകൾക്കെതിരെ പിഴ ഉൾപ്പെടെ നടപടികൾ ഉണ്ടാകും. മാത്രമല്ല പൊളിച്ചു നീക്കുന്നതിന് ചെലവാകുന്ന തുക ഉടമയിൽനിന്ന് ഈടാക്കുകയും ചെയ്യും.
ക്യാമ്പ് സജ്ജീകരിക്കുന്നതുമായി ബന്ധപ്പെട്ട് കുവൈത്ത് മുനിസിപ്പാലിറ്റിയിൽ നിലവിലുള്ള ചട്ടങ്ങൾക്ക് പുറമെ, പരിസ്ഥിതി അതോറിറ്റിയിൽനിന്നുള്ള പിഴകളും നിയമലംഘകർ ഒടുക്കേണ്ടി വരും.
സ്വദേശികളെ പോലെ വിദേശികൾക്കും മുനിസിപ്പൽ അനുമതി വാങ്ങി തമ്പടിക്കാൻ തടസ്സമൊന്നുമില്ലെങ്കിലും ഇന്ത്യക്കാർ ഉൾപ്പെടെ വിദേശികൾ ഇതിന് തുനിയാറില്ല.
സിറിയൻ, ലബനീസ് ഉൾപ്പെടെ അറബ് വംശജരാണ് സ്വദേശികൾക്ക് പുറമെ, തമ്പ് പണിത് മരുഭൂമിയിൽ തണുപ്പാസ്വദിക്കാനെത്താറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.