കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യമന്ത്രാലയത്തിൽ 16,927 ഇന്ത്യക്കാർ തൊഴിലെടുക്കുന്നതായി റിപ്പോർട്ട്.
മന്ത്രാലയത്തിലെ മൊത്തം ജീവനക്കാരിൽ പകുതിയിലേറെ വിദേശികൾ ആണെന്നും മാൻപവർ അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. മാൻപവർ അതോറിറ്റിയിൽ നിന്നുള്ള സ്ഥിതി വിവരക്കണക്ക് പ്രകാരം 61,353 ജീവനക്കാരാണ് ആരോഗ്യമന്ത്രാലയത്തിലെ വിവിധ തസ്തികകളിൽ ജോലി ചെയ്യുന്നത്. ഇതിൽ 28,279 കുവൈത്തികളും 33,074 വിദേശികളും ആണ്. ഏറ്റവും കൂടുതൽ ജീവനക്കാർ ഉള്ളത് നഴ്സിങ് വിഭാഗത്തിലാണ്. 21,490 ആണ് സ്റ്റാഫ് നഴ്സുമാരുടെ എണ്ണം.
9762 ഡോക്ടർമാരും 2298 ഡെൻറിസ്റ്റുകളും 1667 ഫാർമസിസ്റ്റുകളും മന്ത്രാലയത്തിൽ തൊഴിലെടുക്കുന്നു. ബാക്കി 28000 ത്തോളം പേർ അഡിമിനിസ്ട്രേഷൻ, നോൺ മെഡിക്കൽ ടെക്നിക്കൽ തസ്തികകളിലാണ്. നഴ്സിങ് സ്റ്റാഫിൽ ആകെയുള്ള 21,490ൽ 20,413ഉം വിദേശികളാണ്.
1077 പേർ മാത്രമാണ് സ്വദേശികൾ. ഡോക്ടർമാരിൽ 5702 പേരും ഡെൻറിസ്റ്റുകളിൽ 580 പേരും ഫാർമസിസ്റ്റുകളിൽ 776 പേരും വിദേശികളാണ്. പൗരത്വം അടിസ്ഥാനമാക്കിയുള്ള കണക്കുകളും മാൻപവർ അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്. ഇതനുസരിച്ച് ഇന്ത്യക്കാരാണ് ആരോഗ്യമന്ത്രാലയത്തിലെ ഏറ്റവും വലിയ വിദേശി സമൂഹം.
16,927 ആണ് ഇന്ത്യൻ ആരോഗ്യപ്രവർത്തകരുടെ എണ്ണം. 8457 പേരുമായി ഈജിപ്തും 2056 പേരുമായി ഫിലിപ്പീൻസും ആണ് തൊട്ടു പിറകിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.