കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഓപൺ ഹൗസ് അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്തു. പ്രവാസികൾക്കായുള്ള സർക്കാർ പദ്ധതികളും എംബസിയുടെ ഒരു മാസത്തെ പ്രവർത്തനങ്ങളും ഓപൺ ഹൗസ് ചർച്ച ചെയ്തു. കേരളസർക്കാർ പ്രവാസികൾക്കായി നടപ്പാക്കുന്ന പദ്ധതികളായിരുന്നു ഓപൺ ഹൗസിലെ പ്രധാന അജണ്ട. തുടർന്നുള്ള ദിവസങ്ങളിൽ മറ്റു സംസ്ഥാനങ്ങളുടെ പദ്ധതികളും ചർച്ച ചെയ്യുമെന്ന് എംബസി അറിയിച്ചു. ഇന്ത്യൻ എംബസിയുടെ സേവനം ആവശ്യമുള്ളവർക്ക് എംബസിയുടെ വാട്സ് ആപ് ഹെൽപ് ലൈൻ നമ്പറുകൾ വഴി 24 മണിക്കൂറും ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാമെന്നും ഇടനിലക്കാരുടെ ആവശ്യമില്ലെന്നും ഉദ്ഘാടനപ്രസംഗത്തിൽ അംബാസഡർ വ്യക്തമാക്കി.
കുവൈത്തിലെ ഇന്ത്യൻ എൻജിനീയർമാരുടെ അക്രഡിറ്റേഷൻ വിഷയത്തിൽ എംബസി സജീവമായി ഇടപെടുന്നുണ്ടെന്നും ഇക്കാര്യത്തിൽ പ്രതീക്ഷാപരമായ പുരോഗതി ഉണ്ടായതായും അംബാസഡർ പറഞ്ഞു. കോവാക്സിന് അംഗീകാരം ലഭിക്കാത്തത്, ഉയർന്ന വിമാന ടിക്കറ്റ് നിരക്ക്, നഴ്സിങ് റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങി നിരവധി പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്നും ഇതിനായുള്ള ഇടപെടലുകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവസാന നിമിഷത്തെ തിരക്ക് കൂട്ടൽ ഒഴിവാക്കാൻ പാസ്പോർട്ട് കാലാവധിയും ഇഖാമ കാലാവധിയും അവസാനിക്കുന്നതിന് മൂന്ന് മാസം മുെമ്പങ്കിലും പാസ്പോർട്ട് പുതുക്കണമെന്ന് അംബാസഡർ നിർദേശിച്ചു.
നോർക്ക റൂട്സ് മേധാവിയും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ കെ. ഇളങ്കോവൻ ഐ.എ.എസ് വിഡിയോ കോൺഫറൻസിലൂടെ കേരളസർക്കാർ പ്രവാസികൾക്ക് വേണ്ടി നടപ്പാക്കുന്ന വിവിധ പദ്ധതികൾ പരിചയപ്പെടുത്തി. നോർക്ക സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി, നോർക്ക റൂട്സ് ജനറൽ മാനേജർ അജിത് കൊളശ്ശേരി എന്നിവർ നോർക്കയുടെ വിവിധ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. വിനോദ് ഗേയ്ക്വാദ് പരിപാടികൾ ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.