കുവൈത്ത് സിറ്റി: രാത്രി എട്ടിനു ശേഷവും കടകൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ.കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏർപ്പെടുത്തിയ വ്യാപാര സമയ നിയന്ത്രണം വലിയ പ്രതിസന്ധിയുണ്ടാക്കുന്നതായി കച്ചവടക്കാർ പറയുന്നു. സമയനിയന്ത്രണം തൽകാലം മാറ്റുന്നില്ലെന്ന് കഴിഞ്ഞ ദിവസത്തെ മന്ത്രിസഭ യോഗം തീരുമാനമെടുത്തതിൽ നിരാശരാണിവർ. വേനലിൽ രാത്രിയിലാണ് കച്ചവടം കൂടുതലായി നടക്കാറുള്ളത്.
നമസ്കാര സമയം കൂടി വരുന്നതിനാൽ രാത്രിയിൽ കടയടക്കുന്നതിന് മുമ്പ് അധികം സമയമില്ല.കുറഞ്ഞ സമയം മാത്രം തുറന്നുപ്രവർത്തിക്കാൻ കഴിയുന്നതിനാൽ വരവും ചെലവും ഒത്തുപോകാതെ പ്രയാസപ്പെടുകയാണെന്ന് വ്യാപാരികൾ പറയുന്നു. കുത്തിവെപ്പ് എടുത്തവർക്ക് മാത്രം പ്രവേശനമുള്ള വലിയ മാളുകളിലും സമയനിയന്ത്രണമുണ്ട്.
വൈകീട്ടും രാത്രിയുമാണ് മുൻകാലങ്ങളിൽ ഏറ്റവും കച്ചവടം നടക്കാറുള്ളത്. ആളുകൾ ജോലിക്ക് പോയി വന്നതിനു ശേഷമാണ് പർച്ചേസിന് ഇറങ്ങുന്നത് പതിവ്.
ഇൗ സമയത്താണ് വ്യാപാര നിയന്ത്രണം. പകലിലെ വലിയ ചൂടും പ്രശ്നമാണ്. സ്ഥാപനം തുറക്കുന്നതിനാൽ വാടക, ശമ്പള ചെലവുകൾ കൊടുക്കേണ്ടി വരുന്നു. എന്നാൽ, ഇതനുസരിച്ച് വരുമാനമില്ല. സ്വന്തം അധ്വാനത്തിന് ഒന്നും ലഭിക്കുന്നില്ലെന്ന് മാത്രമല്ല പലപ്പോഴും ചെലവിനു വേറെ പണം കണ്ടെത്തേണ്ട അവസ്ഥയാണ്.
ചെറുകിട വ്യാപാരികളാണ് ഏറെ ബുദ്ധിമുട്ടുന്നത്.ഏറെകാലം താങ്ങി നിർത്താനുള്ള സാമ്പത്തിക ശേഷി ഇവർക്കില്ല. കോവിഡ് പ്രതിസന്ധി അവസാനിച്ച് എല്ലാം സാധാരണ നിലയിലാകും എന്ന പ്രതീക്ഷയിലാണ് പലരും സ്ഥാപനം പൂട്ടാതെ പിടിച്ചുനിൽക്കുന്നത്.
നിരവധി സ്ഥാപനങ്ങൾക്ക് ഇതിനകം താഴ് വീണു.കഴിഞ്ഞ വർഷത്തെ കർഫ്യൂവിലും ലോക്ഡൗണിലും തകർന്ന ബിസിനസ് പതിയെ പച്ചപിടിച്ചുവരുന്നതിനിടെയാണ് വീണ്ടും സമയ നിയന്ത്രണം വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.