കുവൈത്ത് സിറ്റി: തുർക്കിയ, സിറിയ എന്നിവിടങ്ങളിൽ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കുവൈത്ത് സഹായം തുടരുന്നു. ഭൂകമ്പത്തിൽ കുടിയിറക്കപ്പെട്ട തുർക്കിയയിലെ കിലിസ് നഗരത്തിലെ കുടുംബങ്ങൾക്ക് സഹായം വിതരണം ചെയ്തതായി കുവൈത്ത് റെഡ് ക്രെസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) അറിയിച്ചു. കുവൈത്തിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ നിർദേശങ്ങൾ പാലിച്ചുകൊണ്ട് ‘കുവൈത്ത് ബൈ യുവർ സൈഡ്’ കാമ്പയിന്റെ ഭാഗമായാണ് സഹായവിതരണമെന്ന് കെ.ആർ.സി.എസ് തുർക്കിയ മിഷൻ മേധാവി നബീൽ അൽ ഹഫെത്ത് പറഞ്ഞു. ടെന്റുകൾ, പുതപ്പുകൾ, ചൂടാക്കൽ ഉപകരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള അടിയന്തര സഹായങ്ങളാണ് നൽകി വരുന്നത്. തുർക്കിയയിലെ ദുരിതബാധിതപ്രദേശങ്ങളിൽ പര്യടനം നടത്തിയ സൊസൈറ്റിയുടെ ഫീൽഡ് ടീം, ജനങ്ങളുടെ ആവശ്യങ്ങൾ വിലയിരുത്തി പ്രതിദിനം 450 ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്യാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്ക് പാർപ്പിടം, ആരോഗ്യസംരക്ഷണം, ശുചിത്വം, ഭക്ഷണ സഹായം എന്നിവ നൽകുന്നതിന് കെ.ആർ.സി.എസ് ടീം ടർക്കിഷ് റെഡ് ക്രെസന്റുമായി ചേർന്ന് പ്രവർത്തിക്കുന്നു. തുർക്കിയയോടുള്ള കുവൈത്തിന്റെ ഐക്യദാർഢ്യത്തെ ഈ സഹായം സൂചിപ്പിക്കുന്നതായും അൽ ഹഫെത്ത് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.