കുവൈത്ത് സിറ്റി: ജലീബ് അൽ ഷുയൂഖിൽ മാർക്കറ്റുകളിൽ ഭക്ഷണസാധനങ്ങൾ വിൽക്കുകയും രാജ്യത്തിന് പുറത്തേക്ക് കടത്തുകയും ചെയ്ത സംഭവത്തിൽ രണ്ടു പേരെ അറസ്റ്റു ചെയ്തു. പിടിയിലായ രണ്ടു പേരും അറബ് പൗരന്മാരാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
900 കിലോ അരി, 850 കിലോ പഞ്ചസാര, 138 എണ്ണ ക്യാനുകൾ, 533 ടിൻ പാൽ, 40 പാക്കറ്റ് പയറുകൾ, നാല് കാർട്ടൺ തക്കാളി പേസ്റ്റ് എന്നിവയും ഇതേ പ്രദേശത്തുനിന്ന് കണ്ടെത്തി. ഭക്ഷണസാധനങ്ങൾ വിൽക്കുകയും രാജ്യത്തിന് പുറത്തേക്ക് കടത്തുകയും ചെയ്യുന്നവരെ പിടികൂടുന്നതിനായി ഫർവാനിയ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
രാജ്യത്ത് സബ്സിഡി നിരക്കിൽ പൗരന്മാർക്കു നൽകുന്ന ഭക്ഷണസാധനങ്ങൾ വിൽക്കുന്നതും രാജ്യത്തിന് പുറത്തേക്ക് കടത്തുന്നതും നിയമവിരുദ്ധമാണ്. കള്ളക്കടത്തുകാർ, അവരെ സഹായിക്കുന്നവർ എന്നിവർക്കെതിരെ കർശന നടപടി സ്വീകരിച്ചുവരുകയാണ്. ആഭ്യന്തരമന്ത്രി ശൈഖ് തലാൽ അൽ ഖാലിദ് അസ്സബാഹിന്റെ നേരിട്ടുള്ള നിർദേശപ്രകാരം രാജ്യത്തെ വിവിധ വിൽപനകേന്ദ്രങ്ങളിൽനിന്ന് ഭക്ഷ്യസാധനങ്ങൾ കടത്തുന്നവരെ പിടികൂടാനുള്ള നടപടി ഊർജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ച, ഗവർണറേറ്റുകളിൽനിന്നു മൂന്ന് പ്രവാസികളെ പിടികൂടുകയും കടത്താനായി സംഭരിച്ച ഭക്ഷണസാധനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ഇതിനു പുറമെ വിദേശത്തേക്ക് കയറ്റുമതി ചെയ്യാൻ എത്തിക്കുന്ന നിരവധി ടൺ ഭക്ഷണസാധനങ്ങൾ കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ കണ്ടുകെട്ടുകയും വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ സപ്ലൈ ഡിപ്പാർട്മെന്റിലേക്ക് തിരികെ നൽകുകയും ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.